photo

നെടുമങ്ങാട് : പഞ്ചായത്ത് റോഡ് പണിക്ക് കൊണ്ടുവന്ന ഹിറ്റാച്ചി രാത്രി തീയിട്ടു നശിപ്പിച്ചതായി പരാതി. അരുവിക്കരയിലെ ഒരു സ്വകാര്യ ക്രഷർ യൂണിറ്റിന് സമീപത്തെ റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്കായി വാർഡ് മെമ്പറും കരാറുകാരനും മുൻകൈ എടുത്ത് കൊണ്ടുവന്ന ഹിറ്റാച്ചിക്കാണ് തീയിട്ടത്. നെടുമങ്ങാട് പരിയാരം മുക്കോല സ്വദേശി രാഹുലിന്റേതാണ് നശിപ്പിച്ച ഹിറ്റാച്ചി. പിരിവ് നൽകാത്തതിന്റെ വൈരാഗ്യത്തിൽ കണ്ടാലറിയാവുന്ന ചിലർ കത്തിച്ചതാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി ഹിറ്റാച്ചിയിൽ തീ ആളിപ്പടരുന്നത് കണ്ടു സമീപവാസികൾ ഫയർഫോഴ്‌സിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച മിനിലോറിയിൽ എത്തിച്ച ഹിറ്റാച്ചി ഇറക്കാൻ സ്ഥലവാസികളായ രണ്ടു പേർ രണ്ടായിരം രൂപ ആവശ്യപ്പെട്ടിരുന്നു. അടുത്തദിവസം ഹിറ്റാച്ചിയുടെ എയർ ക്ളീനർ മോഷണം പോയതിനെ തുടർന്ന് ഇവർക്കെതിരെ രാഹുൽ പൊലീസിൽ പരാതിപ്പെട്ടു. എയർ ക്ളീനർ പുതിയത് വാങ്ങാൻ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ഇവർ സമ്മതിച്ചതിന് പിറകെയാണ് ഹിറ്റാച്ചി തീയിട്ടതെന്ന് രാഹുൽ പറഞ്ഞു. 26 ലക്ഷം രൂപ വിലവരുന്ന ഹിറ്റാച്ചിയാണ് നശിപ്പിച്ചത്.