തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഏതു നിമിഷവും വരാമെന്നതിനാൽ ഇന്നത്തെ മന്ത്രിസഭായോഗത്തിൽ സുപ്രധാനമായ ചില തീരുമാനങ്ങളുണ്ടായേക്കും. കഴിഞ്ഞയാഴ്ച യോഗം ചേരാതിരുന്നതിനാൽ അന്ന് പരിഗണിക്കേണ്ടിയിരുന്ന അജൻഡകളുമുണ്ട്.
സർക്കാരിന്റെ അനുമതിയില്ലാതെ കേസുകളിലിടപെടാൻ സി.ബി.ഐക്ക് നിൽകിയ പൊതു അനുമതി റദ്ദാക്കുന്നത് സർക്കാരിന്റെ ആലോചനയിലുണ്ട്. ഇതിനുള്ള നിയമഭേദഗതി ഉത്തരവിറക്കുന്നത് സംബന്ധിച്ച തീരുമാനം മന്ത്രിസഭാ യോഗത്തിലുണ്ടായേക്കും. സർക്കാർ പദ്ധതികളിലിടപെടാനുള്ള ഇ.ഡി നീക്കം ഫെഡറൽ തത്വത്തിന് നിരക്കാത്തതിനാൽ നിയമനടപടികളും ആലോചനയിലുണ്ട്.
ഘടകകക്ഷി മന്ത്രിമാരുടെ എതിർപ്പ് മൂലം വിവാദത്തിലായ റൂൾസ് ഒഫ് ബിസിനസ് ഭേദഗതിയും പരിഗണിച്ചേക്കും. മന്ത്രിമാരുടെ അധികാരം വെട്ടിക്കുറയ്‌ക്കുകയും മുഖ്യമന്ത്രിയിൽ കേന്ദ്രീകരിക്കുകയും ചെയ്യുന്ന ഭേദഗതികളിൽ മന്ത്രിസഭാ ഉപസമിതിയുടെ അവസാനത്തെ യോഗത്തിലും ഘടകകക്ഷി മന്ത്രിമാർ വിയോജിപ്പ് അറിയിച്ചിരുന്നു. ഇവരുടെ വിയോജനക്കുറിപ്പുകൾ സഹിതമാണ് എ.കെ. ബാലൻ അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്കെത്തുക.
ബാറുകൾ തുറക്കുന്നത് പരിഗണനയിൽ
ഒരു മേശയിൽ രണ്ട് പേർക്കിരുന്ന് മദ്യപിക്കാനുള്ള സൗകര്യമൊരുക്കി ബാറുകൾ തുറക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. പെരുമാറ്റച്ചട്ടം വന്നാൽ ബാർ തുറക്കൽ ജനുവരിയിലേക്ക് നീളുമെന്നതിനാൽ ഇക്കാര്യത്തിൽ സർക്കാരിന് മേൽ സമ്മർദ്ദമുണ്ട്. കോളേജിൽ നിന്ന് വിരമിച്ച അദ്ധ്യാപകർക്ക് യു.ജി.സി നിരക്കിൽ പെൻഷൻ നൽകൽ, സാക്ഷരതാ മിഷനടക്കം കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തൽ തുടങ്ങി കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ മാറ്റിവച്ച വിഷയങ്ങളും പരിഗണനയിലുണ്ട്.