പ്രണയം നടിച്ച് ഒരു വർഷമായി പീഡനം
കോട്ടയം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ രാത്രിയിൽ ബൈക്കിലെത്തി സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ചു വന്ന യുവാവ് അറസ്റ്റിൽ. ഇടുക്കി ചേലച്ചുവട്ടിലെ ദേവനാണ് അറസ്റ്റിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
പ്രേമം നടിച്ച് വശത്താക്കിയാണ് പെൺകുട്ടിയെ ഇയാൾ രാത്രിയിൽ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നത്. ഒരു വർഷമായി ആരും ഇത് അറിഞ്ഞിരുന്നില്ല. എല്ലാവരും ഉറക്കത്തിലാവുന്നതോടെയാണ് ബൈക്കിലെത്തുന്ന ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തി കൂട്ടിക്കൊണ്ടു പോയിരുന്നത്. രാത്രി പത്തു മണിയോടെ പെൺകുട്ടിയുടെ വീടിന് സമീപം കുറ്റിക്കാട്ടിലേക്ക് ബൈക്ക് ഇറക്കി വച്ചശേഷം പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവന്ന് പിറകിലിരുത്തി സ്വന്തം വീട്ടിലേക്ക് കൊണ്ടുവരും. അഞ്ചു മണിക്ക് മുമ്പുതന്നെ പെൺകുട്ടിയെ വീട്ടിലെത്തിച്ചിരുന്നു. എന്നാൽ, കഴിഞ്ഞദിവസം ഇവർ ഉണരാൻ താമസിച്ചു. ഇതോടെ ഇരുവരും അങ്കലാപ്പിലായി.
നേരം പുലർന്നതോടെ പെൺകുട്ടിയെ വീട്ടിലെത്തിക്കാൻ കഴിഞ്ഞില്ല. സ്വന്തം വീട്ടിൽതന്നെ പെൺകുട്ടിയെ ഒളിപ്പിച്ചു. മകളെ കാണാനില്ലാതായതോടെ പെൺകുട്ടിയുടെ മാതാവ് ഇടുക്കി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി.
ഇതോടെ പെൺകുട്ടിയുടെ മൊബൈൽ നമ്പർ വച്ച് പൊലീസ് തിരഞ്ഞു. ടവർ ലൊക്കേഷൻ അടുത്തുതന്നെ ആയിരുന്നു. ഉടൻ പൊലീസ് സംഘം പുറപ്പെട്ടു. ചെന്നത് ദേവന്റെ വീട്ടിലായിരുന്നു. പൊലീസ് എത്തിയതോടെ ദേവന്റെ വീട്ടുകാർ പരിഭ്രമിച്ചു. അവർ വിവരം അറിഞ്ഞിരുന്നില്ല. മുറിയിൽ കട്ടിലിന് അടിയിൽ ഒളിച്ചിരുന്ന പെൺകുട്ടിയെ പൊലീസ് പൊക്കി. അപ്പോഴാണ് ദേവന്റെ വീട്ടുകാരും പെൺകുട്ടിയുടെ വീട്ടുകാരും ഒരു വർഷമായി നടന്നിരുന്ന പീഡനവിവരം അറിയുന്നത്. റിസോർട്ട് ജീവനക്കാരനായ യുവാവ് ഇപ്പോൾ മേസ്തിരിപ്പണി ചെയ്യുകയാണ്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.