തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന വിവിധ പരീക്ഷകൾക്ക് ഹാജരാകുന്ന കൊവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതുന്ന ജില്ലയിലെ പി.എസ്.സി. ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. രോഗബാധിതർക്ക് അനന്തര നിർദ്ദേശങ്ങൾ ആഫീസുകളിൽ നിന്നും നൽകും.
അഭിമുഖ തീയതിയും സെന്ററും മാറ്റി
ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ കൊമേഴ്സ് (ജൂനിയർ) തസ്തികയ്ക്കായി 6 ന് പി.എസ്.സി. തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ നടത്താനിരുന്ന അഭിമുഖം, 4, 5 തീയതികളിൽ തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ നിശ്ചയിച്ചിട്ടുള്ള പാലക്കാട് ജില്ലയിൽ നിന്നുള്ള ഉദ്യോഗാർത്ഥികളുടെ അഭിമുഖം എന്നിവ 24, 25 തീയതികളിൽ പി.എസ്.സി. പാലക്കാട് ജില്ലാ ഓഫീസിൽ നടത്തും.കൂടുതൽ വിവരങ്ങൾക്ക് ജി.ആർ. 5 വിഭാഗവുമായി ബന്ധപ്പെടണം.ഫോൺ- 0471 2546439.
കായികക്ഷമതാ പരീക്ഷ
തിരുവനന്തപുരം ജില്ലയിൽ വനംവകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ (കാറ്റഗറി നമ്പർ 120/17) തസ്തികയ്ക്കായുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 10, 11 തീയതികളിൽ രാവിലെ 6 മുതൽ പേരൂർക്കട എസ്.എ.പി. ഗ്രൗണ്ടിൽ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ, 24 മണിക്കൂറിനകം ലഭിച്ച കൊവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തിച്ചേരണം.
അഭിമുഖം
ആരോഗ്യവകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2 (മൂന്നാം എൻ.സി.എ.- ഒ.ബി.സി.) (കാറ്റഗറി നമ്പർ 238/19) തസ്തികയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഇന്റർവ്യൂ 11 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ.6 വിഭാഗവുമായി ബന്ധപ്പെടണം.ഫോൺ- 0471 2546364 .
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സാനിട്ടറി കെമിസ്ട്രി (എൻജിനിയറിംഗ് കോളേജുകൾ) (കാറ്റഗറി നമ്പർ 402/17) തസ്തികയുടെ ഇൻർവ്യൂ 11, 12 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.കൊവിഡ് രോഗബാധിതരും ക്വാറന്റൈനിൽ കഴിയുന്നവരും രേഖകൾ ഹാജരാക്കിയാൽ ഇന്റർവ്യൂ തീയതി മാറ്റി നൽകും. അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ ജി.ആർ. 9 വിഭാഗവുമായി ബന്ധപ്പെടണം.ഫോൺ- 0471 2546446 .
ഒ.എം.ആർ പരീക്ഷ
പൊതു വിദ്യാഭ്യാസ വകുപ്പിൽ യു.പി. സ്‌കൂൾ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 517/19) തസ്തികയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷ (ഒ.എം.ആർ മൂല്യനിർണയം) 7 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (പെയിന്റർ-ജനറൽ) (കാറ്റഗറി നമ്പർ 87/19), ആഗ്രോ മെഷീനറി കോർപ്പറേഷൻ ലിമിറ്റഡിൽ പെയിന്റർ (കാറ്റഗറി നമ്പർ 320/19), കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്‌പോർട്ടിൽ പെയിന്റർ (എൻ.സി.എ.- പട്ടികജാതി) (കാറ്റഗറി നമ്പർ 365/19) തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി 16 ന് രാവിലെ 10.30 മുതൽ 12.15 വരെ നടത്താനിരുന്ന ഒ.എം.ആർ. പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.