തിരുവനന്തപുരം : വിലക്കയറ്റം പിടിച്ചുനിറുത്താൻ 1800 മെട്രിക് ടൺ സവാള എത്തിക്കുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഹോർട്ടികോർപ്പ്, കൺസ്യൂമർഫെഡ്, സപ്ലൈകോ എന്നിവ വഴി വിതരണം നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. നിലവിൽ വിലകുറച്ച് സവാള നൽകുന്നുണ്ടെങ്കിലും കൂടുതൽ സ്റ്റോക്ക് എത്തുന്നതോടെ വിലക്കയറ്റം അവസാനിക്കുമെന്നാണ് പ്രതീക്ഷ.
ഉരുളക്കിഴങ്ങിന്റെ വില പിടിച്ചുനിറുത്താൻ ടോപ് പദ്ധതിയിൽ ( ടൊമാറ്റോ,ഒണിയൻ,പൊട്ടറ്റോ )ഉൾപ്പെടുത്തി ഉത്പാദക സംസ്ഥാനങ്ങളിലെ കർഷകരിൽ നിന്നും നേരിട്ട് സംഭരിച്ച് എത്തിക്കാൻ നാഫെഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കർഷകക്ഷേമ ബോർഡിന്റെ ആദ്യ യോഗം ഇന്ന്
കർഷക ക്ഷേമ ബോർഡിന്റെ ആദ്യ യോഗം ഇന്ന് നടക്കുമെന്നും അംഗ കർഷകർക്ക് പ്രതിമാസം 5000 രൂപ വീതം പെൻഷൻ നൽകാൻ കഴിയുമോ എന്ന് യോഗം ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്താദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാകുന്നത്. ഇപ്പോൾ കർഷകർക്ക് പ്രതിമാസ പെൻഷൻ 1600 രൂപയാണ്.