hariharan

തിരുവനന്തപുരം: കൊവിഡ് കാരണം ബിഗ് ബഡ്‌ജറ്റ് ചിത്രം 'കുഞ്ചൻ നമ്പ്യാർ' ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ക്ലാസിക് ചിത്രങ്ങളുടെ സംവിധായകൻ ഹരിഹരൻ. ജെ.സി. ഡാനിയൽ പുരസ്കാരം ലഭിച്ച സന്തോഷം പങ്കിടുമ്പോഴും സിനിമയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയിലായിരുന്നു അദ്ദേഹം.

പഴശിരാജയ്ക്കു ശേഷം ഗോകുലം ഗോപാലൻ നിർമ്മിക്കാൻ തീരുമാനിച്ച ഹരിഹരൻ ചിത്രമായിരുന്നു പൃഥ്വിരാജ് നായകനാകുന്ന 'കുഞ്ചൻ നമ്പ്യാർ'. ചിത്രത്തിനു വേണ്ടി രണ്ടു വർഷത്തോളം ഗവേഷണം നടത്തി ഒരു വർഷമെടുത്താണ് രചന പൂർത്തിയാക്കിയത്. കെ.ജയകുമാറിന്റെതാണ് തിരക്കഥയും ഗാനരചനയും. സംഗീതം നൽകുന്നത് ഇളയരാജയും. ആദ്യ പാട്ടിന്റെ റെക്കാഡിംഗ് ഏപ്രിൽ 14ന് നിശ്ചയിക്കുകയും ചെയ്തു. പക്ഷേ കൊവിഡ് എല്ലാം മാറ്റിമറിച്ചു.

ഇതിനിടയിൽ മറ്രൊരു പടത്തിന്റെ രചന കൂടി ഹരിഹരൻ പൂർത്തിയാക്കി. ചെറിയ ബഡ്ജറ്റലാെരുങ്ങുന്ന ചിത്രം ഗായത്രി സിനിമാ കമ്പനിയുടെ ബാനറിൽ അദ്ദേഹത്തിന്റെ പത്‌നി ഭവാനിയമ്മയാണ് നിർമ്മിക്കുക.

കോഴിക്കോട് നിന്നും 1965 ൽ മദ്രാസിലെത്തി ഛായാഗ്രാഹകൻ യു. രാജഗോപാലിനൊപ്പം പരിശീലനം നേടിയ ഹരിഹരൻ എം. കൃഷ്ണൻനായർ, എ.ബി രാജ്, ജെ.ഡി തോട്ടാൻ എന്നിവർക്കൊപ്പം സഹസംവിധായകനായി ജോലി ചെയ്തിരുന്നു. ഈ ഗുരുക്കന്മാരാണ് തന്റെ ഭാഗ്യമെന്ന് ഹരിഹരൻ പറഞ്ഞു. ഗുരുക്കന്മാർക്കും എം.ടി.വാസുദേവൻ നായർ ഉൾപ്പെടെയുള്ള സഹപ്രവർത്തകർക്കും ഈ അവാർഡ് നേട്ടം സമർപ്പിക്കുകയാണ്- അദ്ദേഹം പറഞ്ഞു.

1972ൽ 'ലേഡീസ് ഹോസ്റ്റൽ' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ഹരിഹരൻ സ്വതന്ത്ര സംവിധായകനായത്. തുടർന്ന് 50 ൽപ്പരം ചിത്രങ്ങൾ സംവിധാനം ചെയ്തു. 1988 ൽ സംവിധാനം ചെയ്ത 'ഒരു വടക്കൻ വീരഗാഥ' നാല് ദേശീയ അവാർഡുകളും ആറ് സംസ്ഥാന ചലച്ചിത്ര അവാർഡുകളും കരസ്ഥമാക്കി. 'സർഗം' 1992 ലെ ദേശീയ അവാർഡും മികച്ച

സംവിധായകനുള്ള അവാർഡ് ഉൾപ്പെടെ മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങളും നേടി. 'പരിണയം' 1995ലെ സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിനുള്ള അവാർഡ് ഉൾപ്പെടെ നാല് ദേശീയ അവാർഡുകളും നാല് സംസ്ഥാന അവാർഡുകളും നേടി. 'കേരളവർമ്മ പഴശിരാജ' 2009ലെ മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് ഉൾപ്പെടെ നാല് ദേശീയ അവാർഡുകളും മികച്ച സംവിധായകനുൾപ്പെടെയുള്ള എട്ട് സംസ്ഥാന അവാർഡുകളും നേടി.