നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. മൂന്ന് യാത്രക്കാരിൽ നിന്ന് ഒന്നര കോടിയിലേറെ രൂപ വിലവരുന്ന മൂന്ന് കിലോ സ്വർണം കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി.
ഇന്നലെ അർദ്ധരാത്രിയും ഇന്ന് പുലർച്ചെയുമായി ദുബായിയിൽ നിന്ന് കൊച്ചിയിലെത്തിയ എയർ ഏഷ്യ എയർലൈൻസ്, എയർ അറേബ്യ എയർലൈൻസ്, എമിറേറ്റ്സ് എയർലൈൻസ് എന്നീ വിമാനങ്ങളിലെ മൂന്ന് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചത്. പ്രതികളുടെ പേരും വിലാസവും കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല. എന്നാൽ, മൂവരും സ്വർണം ശരീരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
പ്രതികളെല്ലാം സ്വർണക്കടത്ത് മാഫിയകളുടെ കണ്ണികളാണെന്നാണ് സൂചന. ഇവരെ കസ്റ്റംസ് സംഘം വിശദമായി ചോദ്യം ചെയ്യുകയാണ്.
കഴിഞ്ഞ ഒരാഴ്ച്ചക്കിടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാൻ ശ്രമിച്ച 12.5 കിലോഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗവും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് വിഭാഗവും ചേർന്ന് പിടികൂടിയത്. ഏകദേശം 6.56 കോടി രൂപ വില വരും. ഈ കേസുകളിലായി 15 യാത്രക്കാർ പിടിയിലാകുകയും ചെയ്തു. ഭൂരിഭാഗം പേരും മലബാർ മേഖലയിൽ നിന്നുള്ളവരാണ്.