theft

ചാവക്കാട്: തിരുവത്ര പുതിയറയിൽ ആൾതാമസമില്ലാത്ത പ്രവാസിയുടെ വീട്ടിൽ വൻകവർച്ച. 42 പവനോളം സ്വർണാഭരണം നഷ്ടപ്പെട്ടു. പുതിയറ സെന്ററിൽ മുസ്‌ലിം ലീഗ് ഓഫീസിന് എതിർവശത്തുള്ള കടപ്പുറം പഞ്ചായത്ത് കറുകമാട് സ്വദേശിയും, ഖത്തർ പ്രവാസിയുമായ വലിയകത്ത് മുഹമ്മദ് അഷറഫിന്റെ വീട്ടിലാണ് മോഷണം നടന്നത്.അഞ്ചങ്ങാടിയിലെ സൽവ ഓഡിറ്റോറിയം ഉടമ കൂടിയായ മുഹമ്മദ് അഷറഫും കുടുംബവും ചികിത്സാർത്ഥം മാസങ്ങളായി ആലപ്പുഴയിൽ മാറി താമസിക്കുകയാണ്. വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയിട്ടുള്ളത്. അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ആഭരണപ്പെട്ടികളും, മറ്റ് സാധനങ്ങകളും വാരിവലിച്ചിട്ട നിലയിലാണ് .സി.സി.ടി.വി കാമറകൾ നശിപ്പിച്ച നിലയിൽ കണ്ടെത്തി.വീടും, പരിസരവും നോക്കാൻ ഏൽപ്പിച്ച വ്യക്തി രാത്രിയിൽ ലൈറ്റുകൾ തെളിച്ച് പോയതായിരുന്നു. രാവിലെ തിരിച്ചെത്തിയപ്പോഴാണ് അടുക്കള വാതിൽ പൊളിഞ്ഞു കിടക്കുന്നത് കണ്ടത്‌. മോഷ്ടാവ് മതിൽ ചാടിയാണ് വീട്ടുവളപ്പിൽ പ്രവേശിച്ചതെന്നാണ് നിഗമനം. ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വിരലടയാള വിദഗ്ദ്ധരും, ഡോഗ് സ്‌ക്വാഡും, ചാവക്കാട് പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തി.