k-phone

തിരുവനന്തപുരം: വിവാദങ്ങളെ അതിജീവിച്ച് സർക്കാരിന്റെ ഫ്ളാഗ് ഷിപ്പ് പദ്ധതിയായ കെ ഫോൺ യാഥാർത്ഥ്യത്തിലേക്ക്. ജനുവരി 5ന് ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. സംസ്ഥാനമൊട്ടാകെ അതിവേഗ ഇന്റർനെറ്റ് ശൃംഖലവഴി ബന്ധിപ്പിക്കുന്ന രാജ്യത്തെ ആദ്യസംരംഭമാണിത്.

2019ൽ തുടങ്ങി ഇൗ വർഷം ഡിസംബറിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതിക്ക് കൊവിഡ് കാലത്ത് പ്രതിസന്ധിയുണ്ടായെങ്കിലും അതെല്ലാം അതിജീവിച്ച് നിർദ്ദിഷ്ടസമയത്ത് പൂർത്തിയാക്കാനാണ് ലക്ഷ്യം. കെ ഫോണിന്റെ 40000 കിലോമീറ്റർ ഒപ്ടിക്കൽ ഫൈബർ കേബിൾ നെറ്റ് വർക്ക് ശൃംഖലയിൽ ഇതുവരെ 28000 കിലോമീറ്റർ പൂർത്തിയായി. 375 പോയിന്റ് ടു പോയിന്റ് ടവറുകളിൽ 90 ശതമാനവും കഴിഞ്ഞു. സംസ്ഥാനത്തെ മൂവായിരം സർക്കാർ ഒാഫീസുകളെയും എൻഡു ടു എൻഡ് ഏകീകരണവും പൂർത്തിയാക്കിയാണ് ജനുവരിയിൽ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യുന്നത്.

രാജ്യത്തെ എല്ലാ ഇന്റർനെറ്റ് സർവ്വീസ് ദാതാക്കളുടെയും സേവനങ്ങളെ ഏകോപിപ്പിച്ച് സംസ്ഥാനം മുഴുവൻ അതിവേഗ ഒപ്ടിക്കൽ ഫൈബർ ശൃംഖലയിലൂടെ സർക്കാർ ചെലവിൽ അതിവേഗ ഇന്റർനെറ്റ് നൽകുന്നതാണ് കെ ഫോൺ. ഇതിന് സർക്കാർ സൗകര്യമൊരുക്കുന്നതിനു പകരമായി സംസ്ഥാനത്തെ 20ലക്ഷത്തോളം പാവങ്ങൾക്ക് കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് നൽകണമെന്നാണ് വ്യവസ്ഥ. 30000 ത്തോളം സ്കൂളുകൾ, ആശുപത്രികൾ,സർക്കാർ ഒാഫീസുകൾ തുടങ്ങി ഏത് മുക്കിലും മൂലയിലും ഇന്റർനെറ്റ് കിട്ടുമെന്നതാണിതിന്റെ നേട്ടം. കെ.എസ്.ഇ.ബി.യും കെ.എസ്. ഐ.ടി.ഐ.എല്ലും ആണ് കെ ഫോൺ ഉടമകൾ. റെയിൽടെൽ, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് തുടങ്ങിയ പൊതുമേഖലാസ്ഥാപനങ്ങളും സ്വകാര്യസംരംഭകരായ എസ്.ആർ.ഐ.ടി. എൽ.എസ്. കേബിൾ എന്നിവരുമാണ് നിർമ്മാണം. 1548കോടിരൂപയാണ് ചെലവ്. 1061കോടി നബാർഡ് വായ്പയാണ്. ബാക്കി കിഫ്ബിയാണ് വഹിക്കുന്നത്. ഡോളർകടത്ത് കേസിൽ അറസ്റ്റിലായ മുൻ ഐ.ടി.സെക്രട്ടറി ശിവശങ്കർ കെ ഫോൺ നടത്തിപ്പിലും അഴിമതികാട്ടിയെന്ന ആക്ഷേപമാണ് കെ ഫോണിനെയും വിവാദനിഴലിലാക്കിയത്.

''എന്തൊക്കെ സംഭവിച്ചാലും സംസ്ഥാനത്ത് കെ ഫോൺ പദ്ധതി നടപ്പിലാക്കും.ഇന്റർനെറ്റ് അവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ഗുണമേൻമയുള്ള ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള പദ്ധതിയാണിത്.'

മുഖ്യമന്ത്രി പിണറായി വിജയൻ.

മറ്റു നേട്ടങ്ങൾ

 എല്ലാ സർവിസ് പ്രൊവൈഡർമാർക്കും (കേബിൾ ഓപ്പറേറ്റർ, ടെലകോം ഓപ്പറേറ്റർ, ഇന്റർനെറ്റ് സർവിസ് പ്രൊവൈഡർ, കണ്ടന്റ് സർവിസ് പ്രൊവൈഡർ) തുല്യമായ അവസരം നൽകുന്ന ഒപ്ടിക് ഫൈബർ നെറ്റ് വർക്ക്

 ഐ.ടി പാർക്കുകൾ, എയർപോർട്ട്, തുറമുഖം തുടങ്ങിയ ഇടങ്ങളിൽ അതിവേഗ ഇന്റർനെറ്റ്

 ആർട്ടിഫിഷൽ ഇന്റലിജെൻസ്, ബ്ലോക്ക് ചെയിൻ, ഇന്റർനെറ്റ് ഓഫ് തിങ്സ്, സ്റ്റാർട്ടപ്പ്, സ്മാർട്ട് സിറ്റി തുടങ്ങിയ വൻകുതിപ്പ്

 സർക്കാർ സേവനങ്ങളായ ഇഹെൽത്ത്, ഇഎഡ്യൂക്കേഷൻ, മറ്റ് ഇ സർവിസുകൾ ഇനി അതിവേഗം

 സംസ്ഥാനമൊട്ടാകെ ഉയർന്ന നിലവാരമുള്ള നിരീക്ഷണ ക്യാമറകളിലൂടെ ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം