nedumam

തിരുവനന്തപുരം: ഇത്തവണ നഗരസഭാ ഭരണം പിടിക്കണമെന്ന ലക്ഷ്യത്തോടെ നീങ്ങുന്ന പ്രധാന പ്രതിപക്ഷമായ ബി.ജെ.പിക്ക് യു.ഡി.എഫ് കൗൺസിലറുടെ പാർട്ടിയിലേക്കുള്ള വരവ് ഒരായുധമായി. തിരുവല്ലം വാർഡിനെ പ്രതിനിധീകരിക്കുന്ന യു.ഡി.എഫ് കൗൺസിലർ നെടുമം മോഹനനാണ് ബി.ജെ.പിയിൽ ചേർന്നത്. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് പാർട്ടി അംഗത്വം നൽകി. കൗൺസിലർ സ്ഥാനം രാജിവച്ചാണ് ബി.ജെ.പിയിൽ ചേർന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ജനപ്രതിനിധികളുൾപ്പെടെ ഒട്ടേറെ പേർ കോൺഗ്രസ് സി.പി.എം പാർട്ടികൾ വിട്ട് ബി.ജെ.പിയിൽ ചേരുമെന്ന് നേതാക്കൾ അവകാശപ്പെട്ടു. മൂന്നര പതിറ്റാണ്ടായി കോർപറേഷൻ, പഞ്ചായത്തുകളിലായി ജനപ്രതിനിധിയാണ് നെടുമം മോഹനൻ. തിരുവനന്തപുരം കോർപറേഷനിൽ സി.പി.എമ്മിന്റെ ബി ടീമായിട്ടാണ് യു.ഡി.എഫ് പ്രവർത്തിക്കുന്നതെന്ന് നെടുമം മോഹനൻ കുറ്റപ്പെടുത്തി.ബി.ജെ.പി നേമം മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ പാപ്പനംകോട് സജി, മണ്ഡലം ജനറൽ സെക്രട്ടറി ക്യഷ്ണകുമാർ, കൗൺസിലർ തിരുമല അനിൽ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.