കാസർകോട്: ഭാര്യ ജീവനൊടുക്കിയ സംഭവത്തിൽ കോൺഗ്രസ് കുറ്റിക്കോൽ മണ്ഡലം പ്രസിഡന്റും കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് കരിവേടകം വാർഡ് മെമ്പറുമായ ജോസ് പാറത്തട്ടേലിനെ (46) ബേഡകം പൊലീസ് അറസ്റ്റുചെയ്തു. കള്ളാർ കൊട്ടോടി കുടുംബൂർ സ്വദേശിനിയായ ജോസിന്റെ ഭാര്യ ജിനോ ജോസ് (35) വിഷം അകത്തുചെന്ന് മരിച്ച സംഭവത്തിലാണ് അറസ്റ്റ്. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ചികിത്സയിലായിരുന്ന ജോസിനെ ഇന്നെലെ ഡിസ്ചാർജ് ചെയ്ത ഉടനെയായിരുന്നു അറസ്റ്റ് ചെയ്തത്. യുവതിയുടെ മരണദിവസവും അതിന് ശേഷവും ഇയാൾ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ജോസിന്റെ മാതാവിനെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഇവരും പടന്നക്കാട് കേന്ദ്രത്തിൽ ചികിത്സയിലാണ്.
വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് അവശനിലയിൽ കണ്ടെത്തിയ യുവതി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ജിനോയുടെ സഹോദരൻ ജോബി ജോസിന്റെ പരാതിയിൽ മാനസികവും ശാരീരികവുമായ പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കുമാണ് ബേഡകം പോലീസ് കേസെടുത്തത്. ജിനോ ജോസിനും കൊവിഡ് ബാധിച്ചതിനെ തുടർന്ന് മരണം നടന്ന് ഒരാഴ്ച കഴിഞ്ഞാണ് പോസ്റ്റുമോർട്ടം നടത്തിയത്. ഇവരുടെ നാല് മക്കളെ യുവതിയുടെ ബന്ധുക്കളുടെ സംരക്ഷണത്തിലാക്കിയിരിക്കുന്നതായും കേസിൽ വിശദമായ അന്വേഷണം നടക്കുമെന്നും ബേഡകം ഇൻസ്‌പെക്ടർ ടി. ഉത്തംദാസ് പറഞ്ഞു. ജോസിനെ കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.