തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്നയെയും സന്ദീപിനെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ ജയിലിലെത്തി ചോദ്യംചെയ്തു. സ്വപ്നയെ അട്ടക്കുളങ്ങര ജയിലിലും സരിത്തിനെ പൂജപ്പുര ജയിലിലുമാണ് ചോദ്യംചെയ്തത്. കസ്റ്റഡിയിലുള്ള ശിവശങ്കറിന്റെ മൊഴികളുടെ വസ്തുത പരിശോധിക്കാനാണ് ചോദ്യം ചെയ്യൽ. ലൈഫ് മിഷൻ കരാറിലെ കോഴയിടപാടുകളും കെ-ഫോൺ, ടെക്നോപാർക്ക് ടോറസ് ഡൗൺടൗൺ, ഇ-മൊബിലിറ്റി, സ്മാർട്ട് സിറ്റി പദ്ധതികളിലെ വഴിവിട്ട ഇടപാടുകളെക്കുറിച്ചും വിവരം തേടും. സ്മാർട്ട് സിറ്റി പദ്ധതിയിൽ യു.എ.ഇ കമ്പനികളുമായുള്ള ഇടപാടിന് സ്വപ്നയുടെ സഹായം തേടിയെന്ന് ശിവശങ്കർ മൊഴി നൽകിയിരുന്നു. ഇരുവരെയും മൂന്ന് ദിവസം ചോദ്യം ചെയ്യാൻ എൻ.ഐ.എ കോടതി ഇ.ഡിക്ക് അനുമതി നൽകിയിരുന്നു.