തിരുവനന്തപുരം: വയനാട് പടിഞ്ഞാറേത്തറയിൽ പൊലീസ് പട്രോൾ സംഘത്തിനുനേരെ മാവോയിസ്റ്റുകൾ ആക്രമണം നടത്തിയെന്നും ആത്മരക്ഷാർത്ഥം തിരികെ വെടിവച്ചപ്പോൾ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടെന്നും പൊലീസ് ആസ്ഥാനം വാർത്താക്കുറിപ്പിൽ അറിയിച്ചു. തമിഴ്നാട് തേനി ജില്ലയിലെ പെരിയകുളം അണ്ണാനഗർ കോളനി സ്വദേശിയായ വേൽമുരുഗൻ (33) ആണ് മരിച്ചത്. മാനന്തവാടി എസ്.ഐ ബിജു ആന്റണിയുടെ നേതൃത്വത്തിൽ തണ്ടർബോൾട്ട് സംഘം ഇന്നലെ രാവിലെ 9.15ന് നടത്തിയ പട്രോളിംഗിനിടെയാണ് മീൻമുട്ടി വനത്തിൽ ഒരുസംഘം പൊലീസിനുനേരെ വെടിവച്ചത്.
ആയുധധാരികളായ അഞ്ചിലേറെ പേർ സംഘത്തിലുണ്ടായിരുന്നു. പൊലീസ് ആത്മരക്ഷാർത്ഥം തിരികെ വെടിവച്ചു. ഏറ്റുമുട്ടൽ അൽപസമയം നീണ്ടു. തുടർന്ന് സംഘത്തിലെ ആളുകൾ ഓടിപ്പോയി. അതിനുശേഷം പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയപ്പോൾ യൂണിഫോം ധാരിയായ ഒരാൾ മരിച്ചു കിടക്കുന്നത് കണ്ടു. അയാളുടെ കൈവശം ഒരു 0.303 റൈഫിളുണ്ടായിരുന്നു. അക്രമികൾ സമീപത്തില്ലെന്നുറപ്പാക്കിയശേഷം മൊബൈൽ റേഞ്ച് കിട്ടുന്ന ഭാഗത്തേക്ക് മാറി പൊലീസുകാർ വിവരം സ്റ്റേഷനിൽ അറിയിച്ചു.
സർക്കാരിനെതിരെ പോരാടാൻ ഗോത്ര വിഭാഗത്തിൽപ്പെട്ട ജനങ്ങളെ പ്രേരിപ്പിക്കുക, ആയുധപരിശീലനം, സംഘടനയിലേക്ക് കൂടുതൽ അണികളെ ചേർക്കുക എന്നീ ചുമതലകളായിരുന്നു വേൽമുരുഗന്. വയനാട്, കോഴിക്കോട് ജില്ലകളായിരുന്നു ഒളിത്താവളം. കരിക്കോട്ടക്കരി, കേളകം, താമരശ്ശേരി, തലപ്പുഴ, അഗളി, എടക്കര, പൂക്കോട്ടുംപാടം, വൈത്തിരി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസുകളുണ്ട്.
വേൽമുരുഗൻ രണ്ട് തവണ വെടി ഉതിർത്തു
കൽപ്പറ്റ: മാവോയിസ്റ്റ് സംഘത്തിൽപ്പെട്ട വേൽമുരുഗൻ പൊലീസിന് നേരെ രണ്ട് തവണ വെടി ഉതിർത്തുവെന്ന് ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലി പറഞ്ഞു. ചെറുത്ത് നില്പന്റെ ഭാഗമായാണ് പൊലീസ് വെടിവച്ചത്. വേൽമുരുഗന്റെ ബോഡി പൗച്ചിൽ നിന്ന് 40 വെടി ഉണ്ടകളും കണ്ടെടുത്തു. 303 റൈഫിളാണ് ഉപയോഗിച്ചത്. നാൽപ്പത് മിനിട്ടോളം നീണ്ടു നിന്ന ആക്രമണമായിരുന്നു. വനത്തിൽ തെരിച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
പൊലീസിന് രഹസ്യം
ഒളിക്കുന്ന സമീപനം
കൽപ്പറ്റ:മാവോയിസ്റ്റ് നേതാവ് വേൽമുരുഗൻ കൊല്ലപ്പെട്ടത് റിപ്പോർട്ട് ചെയ്യാൻ എത്തിയ മാദ്ധ്യമ പ്രവർത്തകർക്ക് പൊലീസിന്റെ വിലക്ക്.ഇന്നലെ കാലത്ത് പത്ത് മണിയോടെ വാളാരംകുന്നിലെത്തിയ മാദ്ധ്യമ സംഘത്തെ പൊലീസ് കാപ്പിക്കളത്ത് തടഞ്ഞു.സുരക്ഷാ പ്രശ്നം ഉന്നയിച്ചായിരുന്നു ഇത്. ഒൗദ്യോഗികമായി യാതൊരു വിവരവും നൽകിയതുമില്ല. ജില്ലാ പൊലീസ് മേധാവി ആർ. പൂങ്കുഴലിയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മാത്രമാണ് ഒരാൾ കൊല്ലപ്പെട്ട വിവരം നൽകുന്നത്. വൈകിട്ട് സംഭവം വിവരിക്കാമെന്ന് പറഞ്ഞിരുന്നു. അതും പ്രതീക്ഷിച്ച് വനമേഖലയിൽ നിന്ന മാദ്ധ്യമ പ്രവർത്തകരെ നിരാശരായി.സന്ധ്യയോടെയാണ് കൊല്ലപ്പെട്ട വേൽമുരുകന്റെ പടവും ചെറിയ വിവരവും നൽകിയത്. വിലക്ക് ലംഘിച്ച് വനത്തിലേക്ക് കടക്കാൻ ശ്രമിച്ച മാദ്ധ്യമ സംഘത്തെ കൈയേറ്റം ചെയ്യാനും ശ്രമം ഉണ്ടായി. എന്തോ രഹസ്യം ഒളിക്കുന്ന പോലെയായിരുന്നു സമീപനം.മൃതദേഹം വനത്തിൽ നിന്ന് ആംബുലൻസിൽ കയറ്റുന്ന രംഗം ചിത്രീകരിക്കാനും. അനുവദിച്ചില്ല.എന്തോ മറച്ച് വെക്കാനുളള വ്യഗ്രതയായിരുന്നു പൊലീസിന്. കാലത്ത് മുതൽ രാത്രിവരെ വനത്തിൽ തമ്പടിച്ച മാദ്ധ്യമ പ്രവർത്തകരോട് വ്യക്തമായ വിവരം നൽകാൻ പോലും അധികൃതർ തയ്യാറായില്ല.