വിദേശപഠനത്തിന് ധനസഹായം
തിരുവനന്തപുരം: ഒ.ബി.സി വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ/ എൻജിനീയറിംഗ്/ പ്യുവർ സയൻസ്/ അഗ്രിക്കൾച്ചർ സയൻസ്/ സോഷ്യൽ സയൻസ്/ നിയമം/ മാനേജ്മെന്റ് വിഷയങ്ങളിൽ (പി.ജി/ പി.എച്ച്.ഡി കോഴ്സുകൾക്ക് മാത്രം) ഉപരിപഠനത്തിന് പിന്നാക്ക വിഭാഗ വകുപ്പ് നൽകുന്ന ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം ആറ് ലക്ഷം രൂപയിൽ കൂടരുത്. അപേക്ഷാഫോമിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളടങ്ങിയ വിജ്ഞാപനവും www.bcdd.kerala.gov.in ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും 30നകം ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, അയ്യൻകാളി ഭവൻ, നാലാം നില, കനക നഗർ, കവടിയാർ പി.ഒ, വെള്ളയമ്പലം, തിരുവനന്തപുരം 3 എന്ന വിലാസത്തിൽ ലഭിക്കണം.
അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ബി.എസ്സി നഴ്സിംഗ് ആൻഡ് പാരാമെഡിക്കൽ ഡിഗ്രി കോഴ്സിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് വിവരങ്ങൾ: www.lbscentre.kerala.gov.in. അലോട്ട്മെന്റിൽ പേരുള്ളവർ ഓൺലൈൻ മുഖേനയോ ഫെഡറൽ ബാങ്കിന്റെ ശാഖകളിലൂടെയോ നവംബർ ആറിനു മുൻപ് ഫീസ് അടയ്ക്കണം. ഫോൺ: 0471-2560363, 2560364
സ്കോൾ കേരള: പ്ലസ് വൺ പ്രവേശന തീയതി നീട്ടി
തിരുവനന്തപുരം: സ്കോൾ കേരള മുഖേന 2020- 22 ബാച്ചിലേക്കുള്ള പ്ലസ് വൺ പ്രവേശനത്തിന് രജിസ്റ്റർ ചെയ്യാനുള്ള സമയം നീട്ടി. പിഴയില്ലാതെ 21 വരെയും 60 രൂപ പിഴയോടെ 30 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും www.scolekerala.org. ഓൺലൈൻ രജിസ്റ്റർ ചെയ്ത് രണ്ട് ദിവസത്തിനകം അനുബന്ധ രേഖകൾ സഹിതമുള്ള അപേക്ഷകൾ എക്സിക്യൂട്ടീവ് ഡയറക്ടർ, സ്കോൾ കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം -12 എന്ന വിലാസത്തിൽ അയയ്ക്കണം. വിവരങ്ങൾക്ക്: 0471 2342950, 2342271, 2342369.
പെൻഷൻകാർക്ക് മാർച്ച് 31 വരെ ജീവനപത്രം സമർപ്പിക്കാം
തിരുവനന്തപുരം: സംസ്ഥാന വാട്ടർ അതോറിട്ടിയിലെ സർവീസ് /കുടുംബ പെൻഷൻകാരുടെ 2021ലെ വാർഷിക ജീവനപത്രം സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 31 വരെ നീട്ടി. കൊവിഡ് പശ്ചാത്തലത്തിലാണ് തീയതി നീട്ടിയത്. വാർഷിക ജീവനപത്രം, തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് ഉൾപ്പെടെ വാട്ടർ അതോറിട്ടിയുടെ അതത് മേഖലാ ചീഫ് എൻജിനീയർ, സർക്കിൾ, ഡിവിഷൻ ഓഫീസുകളിലോ, പെൻഷൻ വിതരണ സെല്ലിലോ നേരിട്ടോ തപാൽ മുഖേനയോ ( അക്കൗണ്ട്സ് ഓഫീസർ, പെൻഷൻ വിതരണ സെൽ, കേരള വാട്ടർ അതോറിറ്റി, ജലഭവൻ, വെള്ളയമ്പലം, തിരുവനന്തപുരം 695033 എന്ന മേൽവിലാസത്തിൽ) pensiondisbursementcell@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അയയ്ക്കാം. വിശദ വിവരങ്ങൾ www.kwa.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്.
കൊവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർത്ഥികളുടെ പരീക്ഷാകേന്ദ്രമാറ്റം
തിരുവനന്തപുരം: നവംബർ 7 ന് നടത്താൻ നിശ്ചയിച്ച വിദ്യാഭ്യാസ വകുപ്പിലെ യു.പി. സ്കൂൾ ടീച്ചർ (കാറ്റഗറി നമ്പർ 517/19) (മലയാളം മീഡിയം) തസ്തികയ്ക്കായി അപേക്ഷിച്ച കൊവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർത്ഥികൾക്ക് ആംബുലൻസിലിരുന്ന് പരീക്ഷയെഴുതാം. 2020 നവംബർ 3 നു ശേഷമുളള അപേക്ഷകൾ ബന്ധപ്പെട്ട ജില്ലയിലെ ജില്ലാ ഓഫീസിൽ അറിയിച്ച് സമ്മതം വാങ്ങിയ ശേഷം നിർദ്ദേശ പ്രകാരമുള്ള സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചാണ് പരീക്ഷ എഴുതേണ്ടതാണ്. കൊവിഡ്-19 ന്റെ പ്രത്യേക സാഹചര്യത്തിൽ ജില്ലാതല പരീക്ഷകൾക്ക് കൊവിഡ് പോസിറ്റീവ് തുടങ്ങി അങ്ങേയറ്റം അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ കേന്ദ്രമാറ്റം അനുവദിക്കൂ. പരീക്ഷാകേന്ദ്രമാറ്റത്തിനായി കൊവിഡ് പോസിറ്റീവ് ഒഴികെയുള്ള അപേക്ഷകൾ മൂന്നു വരെ ലഭ്യമാകുന്നവ മാത്രമേ പരിഗണിയ്ക്കുകയുള്ളൂ.