തിരുവനന്തപുരം:തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സംസ്ഥാന സർക്കാരിനും ഇടതുപക്ഷത്തിനുമെതിരെ കുത്തക മാദ്ധ്യമങ്ങൾ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ഡി.വൈ.എഫ്.ഐ നാല്പതാം പിറന്നാൾ ദിനത്തിൽ മുഖപ്രസിദ്ധീകരണമായ യുവധാര ഓൺലൈൻ പതിപ്പിനായി അത്യാധുനിക സൗകര്യങ്ങളോടെ യുവധാരയുടെ കുന്നുകുഴിയിലെ ആസ്ഥാന മന്ദിരത്തിൽ നിർമ്മിച്ച സ്റ്റുഡിയോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യുദ്ധത്തിൽ ആദ്യം മരിക്കുന്നത് സത്യമാണ്. അസത്യങ്ങളുടെ ഘോഷമാണ് കുത്തക മാദ്ധ്യമങ്ങൾ നടത്തുന്നത്. മുൻ യു.ഡി.എഫ് കാലത്ത് അഴിമതി മറയ്ക്കാനാണ് മാദ്ധ്യമങ്ങൾ പരിശ്രമിച്ചത്. പ്രതിപക്ഷ നേതാവും മുൻ മന്ത്രിമാരുമെല്ലാം ബാർ കോഴപ്പണം കൈപ്പറ്റിയെന്ന വെളിപ്പെടുത്തലുണ്ടായിട്ടും, ആ വാർത്ത മാദ്ധ്യമങ്ങൾ നൽകുന്നില്ല. കള്ളപ്പണമിടപാടിന് മുസ്ലിംലീഗ് മുൻ മന്ത്രിയെ ഇ.ഡി ചോദ്യം ചെയ്തതും, പ്രധാന വാർത്തയല്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഇടതുപക്ഷവും എക്കാലത്തും മാദ്ധ്യമവേട്ടകളെ നേരിട്ടിട്ടുണ്ട്. ജനങ്ങളുടെ സഹായത്തോടെ അതിജീവിച്ചിട്ടുമുണ്ട്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്നത് രാഷ്ട്രീയ ഇടപെടലാണെന്നും, രാഷ്ട്രീയ എതിരാളികളെ രാജ്യമാകെ ഇ.ഡി വേട്ടയാടുകയാണെന്നും കോൺഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധി പറയുമ്പോൾ, ഇവിടെ ഇ.ഡിയുടെ ഇടപെടലുകളെ മഹത്വവത്കരിക്കാനാണ് കോൺഗ്രസും കുത്തകമാദ്ധ്യമങ്ങളും ശ്രമിക്കുന്നത്..സർക്കാരിനെയും ഇടതുപക്ഷത്തെയും തകർക്കുകയാണ് ലക്ഷ്യം. ഡി.വൈ.എഫ്.ഐയുടെ പുതിയ ഇടപെടലുകളിലൂടെ സാമൂഹ്യരംഗത്ത് വലിയ മാറ്റമുണ്ടാക്കാനാകുമെന്നും കോടിയേരി പറഞ്ഞു.
യുവധാര ചീഫ് എഡിറ്റർ എസ്. സതീഷ് അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ്, സംസ്ഥാന സെക്രട്ടറിയും യുവധാര പബ്ലിഷറുമായ എ.എ. റഹിം, മാനേജർ വി.കെ. സനോജ് എന്നിവർ സംസാരിച്ചു.