പെരുമ്പാവൂർ: മാറമ്പിളളി സ്വദേശിയായ പ്ലൈവുഡ് വ്യവസായിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചവശനാക്കിയ കേസിൽ നാലുപേരെ കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തു. അശമന്നുർ ചിറ്റേത്തുകുടി വീട്ടിൽ ഫൈസൽ (27), പനിച്ചയം പഴമ്പിള്ളിൽ വീട്ടിൽ അജ്മൽ (28), മുതുവാശേരി വീട്ടിൽ നവാബ് (40), മുതുവാശേരി വീട്ടിൽ അഷറഫ് (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 30ന് വൈകിട്ട് മൂന്ന് മണിയോടെ ചെറുകുന്നം ഭാഗത്ത് വ്യാപാരിയായ മുടിക്കൽ മടത്താട്ട് വീട്ടിൽ ജെമീറിനെ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോകുയായിരുന്നു. ഇയാളുടെ പക്കൽ നിന്നും മൂന്നരലക്ഷം രൂപയും പ്രമാണങ്ങളും തട്ടിയെടുക്കുകയും ചെക്ക് ലീഫിൽ നാലര ലക്ഷം രൂപ ബലമായി ഒപ്പിട്ട് വാങ്ങുകയും ചെയ്തിരുന്നു. പിന്നീട് ഇയാളെ വല്ലത്തുളള ഗോഡൗണിൽ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
വ്യാപാരിയെ പിന്തുടർന്ന് തട്ടിക്കൊണ്ടു പോകുവാൻ സൗകര്യമൊരുക്കിയതിനാണ് ഇവരെ അറസ്റ്റുചെയ്തത്. പ്രധാന പ്രതികൾക്കായുളള അന്വേഷണം തുടരുകയാണ്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദേശാനുസരണം പെരുമ്പാവൂർ ഡി.വൈ. എസ് പി കെ ബിജുമോന്റെ നേതൃത്വത്തിൽ പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്.