തിരുവനന്തപുരം: അട്ടക്കുളങ്ങര ബൈപ്പാസിന് സമീപം എരുമക്കുഴിയിലുണ്ടായിരുന്ന മാലിന്യ നിക്ഷേപം പൂർണമായി ഒഴിവാക്കി നഗരസഭ നിർമ്മിച്ച സന്മതി ഉദ്യാനവും പാർക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു. ഉദ്യാനവും പാർക്കും മറ്റ് ഉദ്യോഗസ്ഥർക്കൊപ്പം മുഖ്യമന്ത്രി ചുറ്റിനടന്ന് കണ്ടു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ കെ. ശ്രീകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, കിലെ ചെയർമാൻ വി. ശിവൻകുട്ടി, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കേരള ഓട്ടോ മൊബൈൽസ് ചെയർമാൻ കരമന ഹരി, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പാളയം രാജൻ, എസ്. പുഷ്പലത, ഐ.പി. ബിനു, സി. സുദർശനൻ, ശുചിത്വമിഷൻ മുൻ എക്‌സിക്യുട്ടീവ് ഡയറക്ടറും ശാസ്ത്രജ്ഞനുമായ ഡോ. അജയകുമാർ വർമ്മ, നഗരസഭ സെക്രട്ടറി ബിനി. കെ.യു എന്നിവർ പങ്കെടുത്തു. ഹൈലേഷ് ഡിസൈനേഴ്സാണ് ഉദ്യാനത്തിന്റെയും പാർക്കിന്റെയും രൂപകല്പന നിർവഹിച്ചിരിക്കുന്നത്. കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവനിലെ പ്ലസ് ടു വിദ്യാർത്ഥിയായ അനഘ റോയിയാണ് ഉദ്യാനത്തിന് സന്മതി എന്ന പേര് നിർദ്ദേശിച്ചത്. ഉദ്യാനം ഒരുക്കുന്നതിന് നേതൃത്വം നൽകിയ ഹെൽത്ത് സൂപ്പർവൈസർ എസ്. പ്രകാശ്, ജെ.എച്ച്.ഐ സൈജു, അസിസ്റ്റന്റ് എൻജിനീയർ സാജ്, ജെ.സി.ബി ഓപ്പറേറ്റർ ഓംപ്രകാശ്, ഹൈലേഷ്, അനഘ റോയ് എന്നിവരെ മേയർ കെ. ശ്രീകുമാർ ആദരിച്ചു. വിളപ്പിൽശാലയിലെ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചു പൂട്ടിയശേഷം വികേന്ദ്രീകൃത മാലിന്യ പരിപാലന സംവിധാനങ്ങൾ പ്രവർത്തന സജ്ജമാകുന്നതുവരെയുള്ള കാലഘട്ടത്തിൽ ഇവിടെ അടിഞ്ഞുകൂടിയിരുന്ന മാലിന്യം പൂർണമായും നീക്കം ചെയ്‌താണ് 'സന്മതി ' എന്ന പേരിൽ ഉദ്യാനവും പാർക്കും ഒരുക്കിയത്.