സ്വന്തമായി ഒരഭിപ്രായമുണ്ടായിരിക്കുകയും അത് ആവുന്നത്ര ഉച്ചത്തിൽ വിളിച്ചുപറയുകയും ചെയ്യുന്ന സാഹിത്യകാരനാണ് സക്കറിയ. അവഗണിക്കാനാവാത്ത ആ ശബ്ദത്തിന് മലയാള ഭാഷയുടെ പിതാവിന്റെ പേരിലുള്ള പുരസ്‌കാരം നൽകാൻ വൈകിയതിലേ സഹൃദയർക്കു പരിഭവമുള്ളൂ. അദ്ദേഹം പറഞ്ഞതുപോലെ സമൂഹം നൽകിയ ഈ ആദരവ് അനീതിക്കും അജ്ഞതയ്ക്കുമെതിരെ ശരം തൊടുത്തുവിടുവാനുള്ള കരുത്ത് വർദ്ധിപ്പിക്കുമെന്ന് പ്രത്യാശിക്കാം.
ഈയിടെയാണ് അദ്ദേഹം ഇംഗ്ളീഷിലെഴുതിയ ''എ സീക്രട്ട് ഹിസ്റ്ററി ഒഫ് കംപാഷൻ " എന്ന നോവൽ പ്രസിദ്ധപ്പെടുത്തിയത്. ഒന്നാംപതിപ്പിന്റെ അയ്യായിരം കോപ്പി വളരെ വേഗത്തിൽ വിറ്റഴിഞ്ഞു. നോവൽ നിരൂപണ ശ്രദ്ധ നേടി. ഇംഗ്ളീഷിലെയും മലയാളത്തിലെയും പ്രമുഖപ്രസിദ്ധീകരണങ്ങൾ നോവലിനെ വാഴ്‌ത്തി.
ചെറുകഥയുടെ ചെറുവള്ളം തുഴഞ്ഞാണ് സക്കറിയ സാഹിത്യത്തിന്റെ അലകടലിലേക്കു പ്രവേശിക്കുന്നത്. സക്കറിയ പറയുന്നു: 'കഥ എന്നോടൊപ്പം ജനിച്ചില്ല. എന്റെ കൂടെ കൂടുകയായിരുന്നു. അത് ഞാൻ ഹൈസ്കൂളിൽ പഠിക്കുമ്പോഴായിരുന്നു. അതിനു പ്രചോദകൻ തകഴിയുടെയും ബഷീറിന്റെയും വർക്കിയുടെയും മറ്റും കഥകൾ തിരഞ്ഞെടുത്ത് വായിപ്പിച്ച എന്റെ ഗുരുനാഥൻ വെട്ടം മാണിയായിരുന്നു. പുതിയ ലൈബ്രറി, പുതിയ പുസ്തകങ്ങൾ അവയുടെ ലഹരിപിടിപ്പിക്കുന്ന മാദകഗന്ധം, കൂടെ സ്നേഹമസൃണമായ നിർബന്ധവും.
എഴുപതുകളിലാണ് സക്കറിയ എന്ന കഥാകാരനെ മലയാളം കൺമിഴിച്ച് കാണുന്നത്. 'ഉണ്ണി എന്ന കുട്ടി" എന്നൊരു കഥയിലൂടെ. 'ചെറുകഥ : ഇന്നലെ ഇന്ന്" എന്ന ഗ്രന്ഥത്തിൽ എം. അച്യുതൻ എഴുതി: ''ഇവിടെ ഓരോ കഥയും പഠനാർഹമാണ്. പലർക്കും ഒരു കഥയേയുള്ളൂ. സക്കറിയ ഒരു കഥയല്ല ഓരോ കഥയാണ് പറയുന്നത്. തന്റെ മനസിൽ തന്നെ തപ്പിയും പരതിയും അസ്‌ഫുട സത്യങ്ങൾ കണ്ടെത്തി, അവയ്ക്കു പ്രതിമാനങ്ങളിലൂടെ, വാക്കുകളിലൂടെ രൂപം നൽകി സാക്ഷാത്കരിക്കുന്ന അനുധ്യാനശീലനായ ഒരു കലാകാരന്റെ ശ്രദ്ധാസാഫല്യമാണ് സക്കറിയയുടെ കഥകൾ."
''ഒരിടത്ത്, കണ്ണാടി കാണ്മോളവും, കടൽ, ഉണ്ണി എന്ന കുട്ടി, കണ്ണട, തേൻ തുടങ്ങി നിരവധി കഥകൾ വായനക്കാരുടെ മനസിൽ നിറം മങ്ങാതെ ജീവിക്കുന്നു. 'ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും" എന്ന ലഘുനോവൽ അടൂർ ഗോപാലകൃഷ്ണൻ 'വിധേയൻ" എന്ന പേരിൽ ചലച്ചിത്രമാക്കി. അധികാരം മനുഷ്യനെ എങ്ങനെയെല്ലാം ദുഷിപ്പിക്കുന്നു എന്ന് സക്കറിയ ഈ നോവലിലൂടെ വ്യക്തമാക്കുന്നു. ധാരാളമായി എഴുതാത്തതിനെപ്പറ്റി അദ്ദേഹം പറഞ്ഞു: ''പണ്ട് സോമർ സെറ്റ് മോം സ്വയം വിവരിച്ചതു പോലെ കഷ്ടപ്പെട്ട് എഴുതുന്ന ഒരുത്തനാണ് ഞാൻ. തൃപ്തികരമായ നിലവാരത്തിലേക്ക് ഒരു കഥയെ എത്തിക്കാൻ അഞ്ചും ആറും തവണ തിരുത്തിയെഴുതേണ്ടി വരുന്നു."
നമ്മുടെ സഞ്ചാരസാഹിത്യത്തിനും സക്കറിയയിൽ നിന്നും മികച്ച സംഭാവനകൾ ലഭിച്ചു. സഞ്ചാരത്തെ ഒരു കലയായി സ്വീകരിച്ച ആദ്യത്തെ ഇന്ത്യൻ എഴുത്തുകാരനായ എസ്.കെ. പൊറ്റെക്കാട്ടിൽ നിന്നാണ് അതിനുള്ള പ്രചോദനം ലഭിച്ചത്. അറുനൂറിലധികം പേജുള്ള 'ഒരു ആഫ്രിക്കൻ യാത്ര, നബിയുടെ നാട്ടിൽ, അഗ്നിപർവതങ്ങളുടെ താഴ്‌വരയിൽ, തടാകനാട്" തുടങ്ങിയവയാണ് യാത്രാവിവരണ കൃതികൾ. സൈബീരിയ ഉൾപ്പെടെ 55 രാജ്യങ്ങളിൽ സഞ്ചരിച്ചു.
ഹെമിങ് വേ പറഞ്ഞു, ഏറ്റവും നല്ല എഴുത്തുകാരൻ ഏകാന്തപഥികനാണെന്ന്. മതത്തിന്റെയോ രാഷ്ട്രീയത്തിന്റേയോ ഏണിയിൽ ചവിട്ടി ഉയരങ്ങളിലെത്താൻ ശ്രമിക്കുന്നവരാണ് പല എഴുത്തുകാരും. തന്റെ മനഃസാക്ഷി ഇലാസ്റ്റിക് കൊണ്ടല്ലെന്ന് തെളിയിച്ച അപൂർവം സാഹിത്യകാരന്മാരിലൊരാളാണ് സക്കറിയ.
കഴിഞ്ഞ 25 കൊല്ലമായി എഴുത്തിൽ നിന്നുള്ള വരുമാനം മാത്രം കൊണ്ട് ഏകനായി കഴിയുന്നു ഈ എഴുത്തുകാരൻ.
മുപ്പതു കൊല്ലം കേരളത്തിനു വെളിയിലായിരുന്നു. കോട്ടയം ജില്ലയിലെ സമ്പന്ന കർഷക കുടുംബത്തിലാണ് ജനിച്ചത്. മൈസൂറിൽ ബി.എയ്ക്കു പഠിക്കുമ്പോഴാണ് സാഹിത്യത്തെ ഗൗരവമായി കാണാൻ ശ്രമമുണ്ടായത്. ഇംഗ്ളീഷ് സാഹിത്യം പഠിപ്പിച്ചിരുന്നത് ഒരു കന്നഡ സാഹിത്യകാരനായിരുന്നു. ആധുനിക കന്നഡ സാഹിത്യത്തിന്റെ സാരഥിയായിരുന്നു അദ്ദേഹം. വായനയുടെ അപ്പുറത്തുള്ള ഒരുൾക്കാഴ്ചയും ബോധവും ഉണ്ടാക്കാൻ ആ അദ്ധ്യാപകൻ സഹായിച്ചു. എം. ഗോവിന്ദനുമായുണ്ടായ ബന്ധം പലർക്കുമെന്നപോലെ സക്കറിയയ്ക്കും അവിസ്മരണീയമായ അനുഭവമായിരുന്നു. മറക്കാനാവാത്ത മറ്റൊരു സൗഹൃദബന്ധമുണ്ടായത് അയ്യപ്പപ്പണിക്കരുമായിട്ടായിരുന്നു.
ഒട്ടേറെ മേഖലകളിൽ സക്കറിയ പ്രവർത്തിച്ചു. കോളേജ് അദ്ധ്യാപകനായി. എഡിറ്റോറിയൽ അസിസ്റ്റന്റ്, പ്രസ് ട്രസ്റ്റ് ഒഫ് ഇന്ത്യ (പി.ടി.ഐ), ഇന്ത്യാ ടുഡേ എന്നിവയിൽ കൺസൾട്ടന്റായി. തിരുവനന്തപുരം പ്രസ് ക്ളബിന് പിന്നിലുള്ള അപ്പാർട്ട്മെന്റിൽ കഴിഞ്ഞ എട്ടൊമ്പതു വർഷമായി ഈ സാഹിതീ താപസൻ കഴിയുന്നു. നഗരത്തിലെ സാഹിത്യ മാമാങ്കങ്ങളിലൊന്നും ആ മുഖം കാണാറില്ല. പക്ഷേ കാലം ഈ മനീഷിക്കു മുമ്പിൽ തൊഴുതു നില്ക്കുന്നു.
ലേഖകന്റെ ഫോൺ: 0487 - 2450429