തിരുവനന്തപുരം: പി.എസ്.സി പരീക്ഷ നടക്കുന്ന ഹാളുകളിൽ ക്ളാേക്ക് വയ്ക്കണമെന്ന് സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകിയതായി ചെയർമാൻ എം.കെ. സക്കീർ പറഞ്ഞു.
പി.എസ്.സി പരീക്ഷാ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ പരീക്ഷാ ഹാളിൽ വാച്ച് ഒഴിവാക്കിയതു മൂലം സമയം അറിയാൻ കഴിയാത്തതിലുള്ള ഉദ്യോഗാർത്ഥികളുടെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കേരളകൗമുദി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പരീക്ഷ നടത്താനുള്ള അനുമതിയാണ് സ്കൂളുകളിൽ കിട്ടുന്നത്. തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ ക്രമക്കേട് ഒഴിവാക്കാനാണ് വാച്ച് വേണ്ടെന്ന് വച്ചത്. നീറ്റ് പരീക്ഷയ്ക്ക് വാച്ച് അനുവദിച്ചിട്ടില്ല. സിവിൽ സർവീസ് പരീക്ഷയ്ക്കുമില്ല. ക്രമക്കേട് തടയുകയാണ് പ്രധാനം. കോളേജ് അദ്ധ്യാപകരുടെ പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യമുയർത്തിയവരിൽ ഒരാൾ പാേലും അപേക്ഷകനായിട്ടില്ല. അപ്പോൾ ആരോപണമുന്നയിക്കുന്നത് പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും ചെയർമാൻ പറഞ്ഞു.