തിരുവനന്തപുരം: ബംഗളൂരുവിൽ നിന്നുള്ള ഇ.ഡി സംഘം ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്ഡിനെത്തുമെന്ന് ചൊവ്വാഴ്ച വൈകിട്ട് തന്നെ അഭ്യൂഹം പരന്നെങ്കിലും എത്തിയത് ഇന്നലെ രാവിലെ. അതോടെ മരുതംകുഴിയിലെ വീട് ശ്രദ്ധാകേന്ദ്രമായി.
രാവിലെ ഒമ്പത് മണിയോടെയാണ് ആറംഗ അന്വേഷണ സംഘം മരുതംകുഴി കൂട്ടാംവിളയിലുള്ള 'കോടിയേരി' എന്ന വീട്ടിൽ എത്തിയത്. വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഡ്രൈവറോട് തക്കോൽ ചോദിച്ചപ്പോൾ, ബിനീഷിന്റെ ബന്ധുക്കളുടെ കൈയിലാണെന്നും അവരെ വിവരം അറിയിക്കാമെന്നും പറഞ്ഞു. മുക്കാൽ മണിക്കൂറോളം ഉദ്യോഗസ്ഥർ കാത്തിരുന്നു. ഒടുവിൽ ബിനീഷിന്റെ ഭാര്യ റിനീറ്റയും രക്ഷിതാക്കളും താക്കോലുമായെത്തി. അവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന. തോക്കേന്തിയ 15 സി.ആർ.പി.എഫ് ജവാൻമാർ സുരക്ഷയൊരുക്കി. ഒപ്പം കർണാടക പൊലീസും.
അന്വേഷണ സംഘമെത്തുന്നതിന് മുമ്പേ തന്നെ വലിയ മാദ്ധ്യമപ്പട വീടിന് മുന്നിൽ തമ്പടിച്ചിരുന്നു. കൂട്ടാംവിള ജംഗ്ഷനിലടക്കം കൂടുതൽ പൊലീസ് സംഘവും അണിനിരന്നിരുന്നു.
കോടിയേരി ബാലകൃഷ്ണനും കുടുംബവും നിലവിൽ ഈ വീട്ടിലല്ല താമസം. ബിനീഷിന്റെ പേരിലാണ് ഇരുനില വീട്. ബിനീഷ് ഉപയോഗിക്കുന്ന കെ.എൽ. 01 ബി.കെ - 55 രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാർ വീട്ടുമുറ്റത്തുണ്ടായിരുന്നു. കോടിയേരി ബാലകൃഷ്ണന് അനുവദിച്ചിരുന്ന നിയമസഭാ ഹോസ്റ്റൽ വിലാസത്തിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.