secretariate

സർക്കാർ ജീവനക്കാരുടെ ജാതി തിരിച്ചുള്ള പട്ടിക പ്രസിദ്ധപ്പെടുത്തണം എന്ന ആവശ്യത്തിന് ഏതാണ്ട് സാമ്പത്തിക സംവരണം അനുവദിക്കണം എന്ന ആവശ്യത്തോളം കാലപ്പഴക്കമുണ്ട്. പ്രത്യേക കാരണമൊന്നും പറയാതെ തന്നെ കാലാകാലങ്ങളിൽ അധികാരത്തിൽ വന്ന സർക്കാരുകൾ ഈ ആവശ്യത്തോട് പുറംതിരിഞ്ഞുനിൽക്കുകയും, എന്നാൽ കേന്ദ്ര ഗവൺമെന്റിന്റെ സമീപകാല തീരുമാനത്തിന്റെ തണലിൽ സംസ്ഥാന ഗവൺമെന്റ് സാമ്പത്തിക സംവരണം സംസ്ഥാന സർവീസിൽ നടപ്പാക്കുകയും ചെയ്തിരിക്കുകയാണ്. ഇക്കാര്യത്തിൽ ഭരണ സംവിധാനത്തിന്റെ താത്‌പര്യവും ഗതിവേഗവും ആശ്ചര്യപ്പെടുത്തുന്നതാണ്. എല്ലാ കാര്യങ്ങൾക്കും ഈ 'ശരവേഗം" ഉണ്ടായെങ്കിൽ നമ്മുടെ നാട് പണ്ടേ രക്ഷപ്പെടുമായിരുന്നു എന്ന് തോന്നിപ്പോയി.

സംവരണ വ്യവസ്ഥ ഉടലെടുത്ത സാഹചര്യം കൂടി വിലയിരുത്തുന്നത് സന്ദർഭോചിതമായിരിക്കും. നമ്മുടെ രാജ്യത്ത് പണ്ട് പണ്ടേ നിലനിന്നുപോന്ന ജാതിവ്യവസ്ഥയുടെ ഭാഗമായി അനുവർത്തിച്ചു പോന്ന നിയമവിരുദ്ധവും പ്രാകൃതവുമായ ഒരു കീഴ്‌വഴക്കം മൂലമുണ്ടായ നീതിനിഷേധവും, അസന്തുലിതാവസ്ഥയും പരിഹരിക്കപ്പെടാനായി, ജനാധിപത്യഭരണവ്യവസ്ഥയിൽ രാജ്യം ഭരണഘടനാപരമായി സ്വീകരിച്ച ഒരു ഉപാധിയാണ് സംവരണം. ദീർഘകാലം നീചമായ ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസവും വിദ്യാലയ പ്രവേശനവും നിഷേധിക്കപ്പെട്ടതുമൂലം സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് ഒറ്റപ്പെടുകയോ ആട്ടികയറ്റപ്പെടുകയോ ചെയ്തവരെ കൈപിടിച്ചുയർത്തുകവഴി സാമൂഹ്യനീതി ഉറപ്പുവരുത്തുകയാണ് ഈ പ്രക്രിയ കൊണ്ട് ഉദ്ദേശിച്ചത്. സംവരണത്തിന്റെ അടിസ്ഥാനം തന്നെ സാമ്പത്തികമായ പിന്നാക്കാവസ്ഥയല്ല മറിച്ച് സാമൂഹ്യമായ പിന്നാക്കാവസ്ഥയാണ്.

സർക്കാർ ഉദ്യോഗങ്ങളിലെ സംവരണം സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള ഉപാധിയാക്കുന്നത് ന്യായീകരിക്കാവുന്നതല്ല. സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കാൻ ഉചിതമായ സാമ്പത്തിക പാക്കേജുകളാണ് ഏർപ്പെടുത്തേണ്ടത്. സർക്കാർ ഉദ്യോഗങ്ങൾ അധികാരത്തിന്റെ അർഹമായ പങ്കാളിത്തം ആണ്. ആ പങ്ക് മറ്റ് വിഭാഗത്തിൽപ്പെട്ടവർ അകാരണമായി കാലങ്ങളായി കൈയടക്കിയതുമൂലമുണ്ടായ അസന്തുലിതാവസ്ഥ പരിഹരിച്ച് വിവിധ സമുദായങ്ങളുടെ ജനസംഖ്യാനുപാതികമായ സന്തുലിതാവസ്ഥ അധികാരശ്രേണികളിൽ പുനഃസ്ഥാപിക്കുക വഴി ആനുപാതികമായ പങ്കാളിത്തം ആ മേഖലയിൽ ഉറപ്പുവരുത്തുകയാണ് സംവരണത്തിന്റെ ഉദ്ദേശലക്ഷ്യം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക സമുദായാംഗങ്ങളായ ഉദ്യോഗാർത്ഥികൾക്ക് സംവരണം ഏർപ്പെടുത്തുകവഴി ഈ അസന്തുലിതാവസ്ഥ വീണ്ടും വർദ്ധിക്കാനേ സഹായകമാകൂ.

സർക്കാർ ഉദ്യോഗ നിയമനങ്ങളിൽ സംസ്ഥാന പബ്ലിക് സർവീസ് കമ്മിഷൻ അനുവദിച്ചുവരുന്നത് 50 % മെറിറ്റ് ക്വാട്ടയിലും 50 % സാമുദായിക ക്വാട്ടയിലുമായിട്ടാണ്. മെരിറ്റ് ക്വാട്ടയിലെ 50 % നിയമിക്കപ്പെടുന്നത് അർഹമായ മെരിറ്റ് ഊഴത്തിലാണ്. അപ്രകാരം നിയമിക്കപ്പെടുന്നതിന് ബന്ധപ്പെട്ട ഉദ്യോഗാർത്ഥിയുടെ സമുദായം പ്രസക്തമല്ല. ഈ മെരിറ്റ് ക്വാട്ടയിൽ നിന്നും മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവർക്കു മാത്രമായി 10 % മാറ്റിവയ്ക്കപ്പെടുമ്പോൾ ആ തീരുമാനം മറ്റാരെയും ബാധിക്കില്ല എന്ന വാദഗതി ശരിയല്ല. കാരണം, പൊതുവിഭാഗത്തിൽപ്പെട്ട എല്ലാവർക്കും കൂടി അവകാശപ്പെട്ട ക്വാട്ടായിൽ 10 % കുറവുണ്ടാവുകയാണ്. അതായത് എല്ലാ സമുദായങ്ങൾക്കും കൂടി അവകാശപ്പെട്ട വിഹിതം 50-ൽ നിന്നും 40 ആയി ചുരുങ്ങുന്നു. ആ കുറവ് എല്ലാ വിഭാഗത്തെയും കുറച്ചെങ്കിലും ബാധിക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എല്ലാ സമുദായത്തിലുമുണ്ട്. അത് മുന്നാക്ക വിഭാഗത്തിൽ മാത്രമുള്ള ഒരു അവസ്ഥാ വിശേഷമല്ല എന്ന കാര്യവും ഇവിടെ ഓർക്കേണ്ടതുണ്ട്.

ജാതി വ്യവസ്ഥയും അതനുസരിച്ചുള്ള ആചാരങ്ങളും (അനാചാരങ്ങളും) പരിഗണനകളും നമ്മുടെ രാജ്യത്ത് ഒരു യാഥാർത്ഥ്യമാണ്. ചില രംഗത്ത് അതിന് ഭരണഘടനാ പരിരക്ഷയും ഉണ്ടെന്ന കാര്യം വിസ്മരിക്കരുത്. ഉദ്യോഗലബ്ധിക്കും, വിദ്യാലയ പ്രവേശനത്തിനും, വിവാഹ ബന്ധത്തിനും എന്തിന്, രാഷ്ട്രീയ നിയോഗങ്ങൾക്കുപോലും ജാതി പരിഗണന നിലനിൽക്കുന്നു എന്നത് യാഥാർത്ഥ്യമല്ലേ?

ജാതിചിന്ത ഒഴിവാക്കേണ്ടതു തന്നെ, പക്ഷേ ജാതി വ്യവസ്ഥ ഒഴിവാക്കുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ അസാദ്ധ്യമാണ്. ഈ സാഹചര്യത്തിൽ സർക്കാർ ഉദ്യോഗസ്ഥരുടെ ജാതി തിരിച്ചുള്ള പട്ടിക പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറാകണം.

(റിട്ടയേർഡ് അഡിഷണൽ സെക്രട്ടറിയാണ് ലേഖകൻ)