malayinkil

മലയിൻകീഴ്: പൊതുവഴികളിൽ മാലിന്യം നിക്ഷേപിക്കുന്നത് വ്യാപകമാകുന്നു. പ്രധാനറോഡുകളിൽ പോലും യാത്രക്കാർ ഈ ദുർഗന്ധം പേറിയാണ് കടന്നുപോകേണ്ടത്. മലയിൻകീഴ്- കാട്ടാക്കട, മലയിൻകീഴ് -ഊരൂട്ടമ്പലം, മലയിൻകീഴ്- പാപ്പനംകോട്, അന്തിയൂർക്കോണം- മൂങ്ങോട് തുടങ്ങിയ റോഡുകളിൽ ആളുകൾ മാലിന്യപ്പൊതികൾ ഇടുന്നത് നാൾക്കുനാൾ വർദ്ധിക്കുന്നു. കുഴയ്ക്കാട്- ചീനിവിള, മച്ചേൽ-കോവിൽവിള- കുന്നുംപുറം, ഇരട്ടക്കലുങ്ക്- പൊറ്റയിൽ തുടങ്ങിയ ബണ്ട് റോഡുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല.

റോഡുകളുടെ ഇരുവശങ്ങളിലും മാലിന്യം കൊണ്ടിടുന്നതിനാൽ ഇതുവഴി പോകുന്നവർ മൂക്കു പൊത്തിയാണ് പോകുന്നത്. മാലിന്യങ്ങൾ ബണ്ടിൽ നിന്ന് തോട്ടിൽ വീണ് വെള്ളവും മലിനമാകാറുണ്ട്. കുഴയ്ക്കാട്- ചീനിവിള ബണ്ട് റോഡിന് സമീപമാണ് പ്രസിദ്ധമായ കുഴയ്ക്കാട് ഭഗവതി ക്ഷേത്രം. മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി മഹോത്സവത്തിന് ആറാടാനെത്തുന്നത് കുഴയ്ക്കാട് തോട്ടിലാണ്. കടുത്ത വേനലിൽ പോലും നീരുറവ വറ്റാത്ത കുഴയ്ക്കാട് തോട് മലിനമാകുന്നതിൽ ജനങ്ങൾക്ക് ഉത്കണ്ഠയുണ്ട്. കുളിക്കുന്നതിനും തുണി അലക്കാനും കൃഷിയ്ക്കും ഈ തോട്ടിലെ വെള്ളം ഉപയോഗിക്കുന്നവരുണ്ട്.

 പട്രോളിംഗ് ശക്തമാക്കണം

മാലിന്യം റോഡുകളിലിടുന്നവരെ കണ്ടെത്താൻ പലവട്ടം വിവിധ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരും ശ്രമിച്ചെങ്കിലും മാലിന്യ നിക്ഷേപത്തിന് അറുതിയായില്ല. ഗ്രാമപഞ്ചായത്തുകളിലും പൊലീസിലും പരാതി നൽകിയിട്ടും പ്രയോജനവുമുണ്ടായില്ല. മാലിന്യം നിക്ഷേപിക്കുന്നതിന് കൊവിഡ് വ്യാപന സമയത്ത് ശമനമുണ്ടായെങ്കിലും വീണ്ടും തുടങ്ങിയെന്നാണ് നാട്ടുകാർ പറയുന്നത്. മലയിൻകീഴ്- ഊരൂട്ടമ്പലം റോഡിൽ അപകട മുനമ്പായ കൊടും വളവിലും മാലിന്യം നിക്ഷേപിക്കുന്നുണ്ട്. ലോഡ് കണക്കിന് മാലിന്യ പൊതികളാണ് ഈ ഭാഗത്തുള്ളത്. പൊലീസ് പട്രോളിംഗ് ബണ്ട് റോഡുകളിലുൾപ്പെടെ ശക്തമാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.