അദ്ധ്വാനിക്കുന്നവർക്ക് വിശ്രമം ആവശ്യമാണ്. ഏത് ശരീരഭാഗത്തിനാണോ കൂടുതൽ അദ്ധ്വാനിക്കേണ്ടിവരുന്നത് ആ ഭാഗത്തിന് ആവശ്യമായ വിശ്രമം വേണമെന്ന സമീപനമാണ് ആരോഗ്യമുണ്ടാക്കുന്നത്. എന്നാൽ ഒരു കാര്യവും അമിതമാകരുത് എന്നും ഒാർമ്മവേണം.
വ്യായാമവും വിശ്രമവും കൊണ്ട് വളരെ പ്രയോജനമുണ്ടെങ്കിലും അമിതമാകാൻ പാടില്ല. അതുപോലെ പ്രാധാന്യം കുറഞ്ഞു പോകുകയുമരുത്. വിശ്രമം ആവശ്യത്തിലും അധികമാകുന്നതിനെയാണ് ആലസ്യം എന്നു പറയുന്നത്. വിശ്രമം എന്ന പേരിൽ പലരും ആലസ്യത്തിലാണ്ടു പോകുന്നു എന്നതാണ് യാഥാർത്ഥ്യം. എന്നാൽ, അവരും ആലസ്യാവസ്ഥയിൽ നിന്ന് പോലും വിശ്രമത്തിന്റെ ഗുണം പ്രതീക്ഷിക്കുന്നു എന്നാണ് മറ്റൊരുകാര്യം. യഥാർത്ഥത്തിൽ അത് ലഭിക്കില്ലെന്ന് മാത്രമല്ല, രോഗത്തെ ഉണ്ടാക്കാൻ അത് കാരണമാകുമെന്നും തിരിച്ചറിയണം.
അദ്ധ്വാനം കൂടുതലായിപ്പോയെന്ന് കരുതി വളരെയേറെ നേരം വെറുതെ ഇരിക്കുകയും കിടക്കുകയും ചെയ്യുന്നവർ, ക്ഷീണം വന്നാലോ എന്ന് കരുതി മുൻകൂട്ടി ക്ഷീണമകറ്റാൻ കൂടുതൽ ഉറങ്ങുന്നവർ, ഒരു കാരണവുമില്ലാതെ വെറുതെ ഇരിക്കുന്നവർ, അനാരോഗ്യത്തിന്റെ പേരിലും ശരീരം അനങ്ങുമ്പോഴുള്ള വേദനയെ പേടിച്ചും ഒട്ടും അനങ്ങാതെ ഇരിക്കുന്നവർ, സുഖലോലുപതയുടെ ലക്ഷണമായി അദ്ധ്വാനം ആവശ്യമില്ലെന്ന് കരുതുന്നവർ, മാനസികോല്ലാസം ലഭിക്കാനെന്ന പേരിൽ ടിവി യുടെ മുന്നിൽ മണിക്കൂറുകളോളം കഴിച്ചുകൂട്ടുന്നവർ, മൊബൈൽ ഫോണിനെ മാത്രം ആശ്രയിച്ച് ജീവിതം തള്ളിനീക്കുന്നവർ, ഹോർമോൺ തകരാറുകളുള്ളവർ, ജീവിതശൈലി രോഗങ്ങൾ ബാധിച്ചവർ, അവയുടെ നിയന്ത്രണത്തിനായി അമിതമായി മരുന്ന് ഉപയോഗിക്കുന്നവർ, മദ്യത്തിനും മയക്കുമരുന്നുകൾക്കും അടിമപ്പെട്ടവർ... എന്നിങ്ങനെ നിരവധി ആൾക്കാർ ആവശ്യമായ വിശ്രമത്തേക്കാൾ അനാവശ്യമായ ആലസ്യത്തിലാണ്.
വിശ്രമമെന്നാൽ ഉറക്കം മാത്രമല്ല
വിശ്രമമെന്നത് വെറുതെ ഇരിക്കലോ കിടക്കലോ ഉറക്കമോ മാത്രം കൊണ്ട് ശരീരത്തിന് ലഭിക്കണമെന്നില്ല. ഉദാഹരണത്തിന് ബുദ്ധിപരമായ മികച്ചപ്രകടനം ആവശ്യമുള്ള ഒരാൾക്ക് ചിന്തകൾ ഒഴിവാക്കി മനസ്സമാധാനത്തോടെ യോഗയോ ധ്യാനമോ ചെയ്യുന്നത് വിശ്രമത്തെ നൽകും. തലച്ചോറിന്റെ അമിതാദ്ധ്വാനവും അതു കാരണമുള്ള മാനസിക സമ്മർദ്ദവും കുറയ്ക്കാനായി അധികമായി ഉറങ്ങുന്നതും മരുന്നുകൾ കഴിക്കുന്നതും ദോഷം ചെയ്യും.
ഒരുവിധത്തിൽ പറഞ്ഞാൽ ഏത് ശരീരഭാഗത്തിനാണോ കൂടുതൽ അദ്ധ്വാനം ആവശ്യമായി വരുന്നത് ആ ഭാഗത്തിന് വിശ്രമവും അതോടൊപ്പം ഏത് ഭാഗങ്ങൾക്കാണോ വിശ്രമം കൂടുതൽ ലഭിച്ചത് അവയ്ക്ക് ഹിതമായ അദ്ധ്വാനവും നൽകുന്ന പ്രവർത്തനമാണ് ശരീരത്തിന് ബലം നൽകുന്നത്. അല്ലാത്ത അവസ്ഥകൾ രോഗകാരണമായി മാറും.
ഹൃദയത്തിന്റെ പ്രവർത്തനം, ശ്വാസോച്ഛ്വാസം, രക്തസഞ്ചാരത്തിന്റെ വേഗത തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങളെല്ലാം വിശ്രമത്തിലായിരുന്ന ഒരാളെക്കാൾ കുറവായിരിക്കും ആലസ്യത്തിലായിരിക്കുന്നവരിൽ. അത്തരത്തിൽ ആലസ്യത്തിലേക്ക് മാറുന്നവർക്ക് ക്രമേണ അതിനനുസരിച്ച ശാരീരിക വ്യതിയാനങ്ങൾ കൂടി സംഭവിക്കാവുന്നതിനാൽ പെട്ടെന്നുള്ളതും വേഗത്തിലുള്ളതുമായ ചലനം, അപ്രതീക്ഷിതമായ അദ്ധ്വാനം തുടങ്ങിയവ പ്രയാസമുള്ളതായി തീരും. മുമ്പ് ചെയ്തുകൊണ്ടിരുന്നവയും സാധാരണ ഒരാളിന് സുഖമായി ചെയ്യാവുന്നതുമായ കാര്യങ്ങൾ പോലും സാധിക്കാതെ വന്നേക്കാം. അഥവാ അത്തരം അദ്ധ്വാനം ആവശ്യമായി വരുമ്പോൾ ശരീരം വഴങ്ങാതിരിക്കുക, വേദനയും പിടുത്തവും, ശ്വാസം കിട്ടാൻ പ്രയാസം,പെട്ടെന്ന് തളർന്നു പോവുക, മാംസപേശികൾക്ക് കടുത്ത വേദന, ചിലപ്പോൾ ശ്വാസതടസം, നെഞ്ചുവേദന തുടങ്ങിയ പ്രയാസങ്ങളും ഉണ്ടാകാം.
ഇത് മനസ്സിലാക്കി നമ്മുടെ ശീലങ്ങൾ യഥാർത്ഥ വിശ്രമം ലഭിക്കുന്ന വിധം ക്രമീകരിക്കേണ്ടത് ആവശ്യമാണ്.
വേദനയെ പേടിച്ച് ചലിപ്പിക്കാൻ പോലും കഴിയാത്ത സന്ധികളുമായി കഴിച്ചുകൂട്ടുന്ന ചിലർക്ക് അല്പമായ വ്യായാമങ്ങളിൽ നിന്നു പോലും സുഖം ലഭിക്കും. ശക്തമായ മരുന്നുകൾ പലതും ഒഴിവാക്കാനും കൂടുതൽ കാര്യക്ഷമത കൈവരിക്കാനും മനോബലം വർദ്ധിപ്പിക്കാനും അവർക്ക് സാധിക്കുന്നുണ്ട്. ആലസ്യാവസ്ഥയിൽ നിന്ന് ശരിയായ വിശ്രമത്തിലേയ്ക്കും അതിലൂടെ അസ്ഥികൾക്കും സന്ധികൾക്കും മാംസ പേശികൾക്കും സ്നായുക്കൾക്കും ബലം ലഭിക്കുന്നതുമാണ് ഇതിനു കാരണം.
ഒന്നും ശരിയാകാൻ പോകുന്നില്ലെന്ന് കരുതി ആലസ്യത്തിൽ കഴിയുന്നവരെ ശുഭാപ്തി വിശ്വാസമുള്ളവരാക്കി മാറ്റി ജീവിതത്തിന്റെ നല്ല വഴികളിലേക്ക് തിരികെ കൊണ്ടുവരുവാൻ ശരിയായ ശാരീരിക, മാനസിക വിശ്രമ ശീലങ്ങൾ കൊണ്ട് സാധിക്കുമെന്ന് ആയുർവേദം ഇതിനകം തെളിയിച്ചിട്ടുണ്ട്.
പെട്ടെന്ന് രോഗബാധിതരായവരും അപ്രതീക്ഷിതമായി ചലനശേഷി കുറഞ്ഞു പോയവരും ആലസ്യത്തിന്റെ ഇരകളാകാറുണ്ട്. അകാരണമായ ഭയവും ക്ഷീണം കൂട്ടുന്ന മരുന്നുകളും മനസ്സ് കൊണ്ട് അംഗീകരിക്കാൻ കഴിയാത്ത രോഗാവസ്ഥയും ഇനി പഴയതുപോലെ എഴുന്നേല്ക്കാനോ നടക്കാനോ ശ്രമിച്ചാൽ വീണുപോകാനും കിടന്നു പോകാനും സാദ്ധ്യതയുണ്ടെന്ന പേടിയുമാണ് ആലസ്യമുണ്ടാക്കുന്ന കാരണങ്ങൾ. പക്ഷാഘാതം, ഹൃദയാഘാതം, ചില അസ്ഥി പൊട്ടലുകൾ പോലുള്ള രോഗങ്ങൾ പിടിപെട്ടവരിൽ ഈ അവസ്ഥയുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല.
രോഗിയുടെ പുനഃരധിവാസം എന്നത് ചികിത്സയുടെ ഒരു ഭാഗമാണ്. പുനഃരധിവാസം ആകപ്പാടെ താളം തെറ്റിക്കുന്ന ഒന്നായി മാറുന്നതിനും ഇത് കാരണമാകാറുണ്ട്