തിരുവനന്തപുരം നഗരമുഖത്തെ അർബുദമായി നിലനിന്നിരുന്ന ചാലയിലെ എരുമക്കുഴി ഇപ്പോൾ കമനീയമായ ഉദ്യാനമാണ്. എരുമക്കുഴി എന്നാണു പേരെങ്കിലും മലയോളം പൊക്കത്തിലാണ് അവിടെ മാലിന്യങ്ങൾ കൂട്ടിയിട്ടിരുന്നത്. നഗരപ്രാന്തത്തിലുണ്ടായിരുന്ന വിളപ്പിൽശാലയിലെ മാലിന്യ സംസ്കരണ കേന്ദ്രം നാട്ടുകാരുടെ വൻ പ്രതിഷേധത്തെത്തുടർന്ന് അടച്ചുപൂട്ടിയതോടെ എരുമക്കുഴിയായിരുന്നു ഒരളവോളം നഗരത്തിലെ മാലിന്യ നിക്ഷേപകേന്ദ്രം. വർഷങ്ങളായി അടിഞ്ഞുകൂടിയ ഈ മാലിന്യശേഖരത്തിൽ കുറച്ചുഭാഗം ഓരോ ആറ്റുകാൽ പൊങ്കാലക്കാലത്തും വാരിമാറ്റുകയായിരുന്നു പതിവ്. കാലാവധി കഴിയുന്ന നഗരസഭ അവസാന കാലം ഏറ്റെടുത്ത നവീകരണ പദ്ധതികളിൽ ഏറെ അഭിനന്ദിക്കപ്പെടേണ്ടത് എരുമക്കുഴിക്ക് മാലിന്യങ്ങളിൽ നിന്നു ശാപമോക്ഷം നൽകിയതാണെന്ന് നിസംശയം പറയാം. സംസ്ഥാനത്തെ മറ്റു നഗരസഭകൾക്കും ഒട്ടും മടികൂടാതെ മാതൃകയാക്കാവുന്നതാണ് ഈ പദ്ധതി. എരുമക്കുഴി ഇനി 'സന്മതി" പാർക്ക് എന്ന പേരിലാകും അറിയപ്പെടുക. ആ പേരിലുമുണ്ട് കൗതുകം. എണ്ണൂറിലേറെപ്പേർ പങ്കെടുത്ത മത്സരത്തിൽ ഭാരതീയ വിദ്യാഭവൻ സ്കൂളിലെ പന്ത്രണ്ടാം ക്ളാസ് വിദ്യാർത്ഥിനിയായ അനഘ റോയിയാണ് 'സൽബുദ്ധി" എന്നു അർത്ഥമുള്ള സന്മതി പാർക്ക് എന്ന പേര് നിർദ്ദേശിച്ചത്. രാഷ്ട്രപിതാവിന്റെ പ്രിയ ഭജനയിലെ സന്മതിയിലൂടെ മഹാത്മജിക്കുള്ള സ്മാരകം കൂടിയായിരിക്കുകയാണ് നഗരത്തിന് നവോന്മേഷം പകരുന്ന ഈ പാർക്ക്.
തിരുവനന്തപുരം മാത്രമല്ല എല്ലാ നഗരങ്ങളും നേരിടുന്ന മാലിന്യ പ്രശ്നത്തിന് നഗരസഭകൾ മനസുവച്ചാൽ അനായാസം പരിഹാരം കാണാനാവുമെന്നതിന്റെ ഉദാഹരണം കൂടിയാണ് ചാലയിലെ സന്മതി പാർക്കിന്റെ വിജയകഥ. ഏതാണ്ട് ആയിരത്തി അറുനൂറോളം ടൺ മാലിന്യമാണ് എരുമക്കുഴിയിൽ അടിഞ്ഞുകിടന്നത്. 600 ടൺ കമ്പോസ്റ്റ്, 900 ടൺ മണ്ണും കട്ടകളും കെട്ടിടാവശിഷ്ടങ്ങൾ എന്നിങ്ങനെ വിവിധ തരത്തിലായിരുന്നു മാലിന്യങ്ങൾ. ഉപേക്ഷിക്കപ്പെട്ട പാദരക്ഷകൾ തന്നെ അഞ്ചു ടണ്ണിലധികമുണ്ടായിരുന്നു എന്നു പറയുമ്പോഴറിയാം നഗരഭവനങ്ങളിൽ നിന്നു പുറന്തള്ളുന്ന വിവിധതരം മാലിന്യങ്ങളുടെ അളവ്. മാസങ്ങളെടുത്താണ് മാലിന്യങ്ങൾ ഇനം തിരിച്ച് ഇവിടെ നിന്നു മാറ്റിയത്. ലോക്ക് ഡൗൺ കാരണം ഇവിടെ കുടുങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളികളുടെയും നഗരസഭയിലെ ജീവനക്കാരുടെയും സേവനം പ്രയോജനപ്പെടുത്തിയാണ് മാലിന്യശേഖരം നീക്കം ചെയ്തത്.
ശുദ്ധവായുവിനു വേണ്ടി ശ്വാസം മുട്ടുന്ന എല്ലാ നഗരങ്ങളിലും ഇതുപോലുള്ള പാർക്കുകൾ ജനങ്ങൾക്ക് ആശ്വാസമേകും. എരുമക്കുഴിയിൽ ചപ്പുചവറുകളും മാലിന്യങ്ങളും കൂടിക്കിടന്ന മുപ്പതു സെന്റ് പ്രദേശം പാർക്കായി മാറ്റിയെടുക്കാൻ നല്ലൊരു തുക വേണ്ടിവന്നെങ്കിലും ഒരിക്കലും അത് വെറുതെയായെന്ന തോന്നലുണ്ടാക്കുകയില്ല. വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്നവർക്ക് വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ നമ്മുടെ നഗരസഭകൾ പൊതുവേ പിന്നിലാണ്. നഗരം വളരുന്നതിനൊപ്പം ഇത്തരം സൗകര്യങ്ങൾ ഉണ്ടാകുന്നില്ല. ചാലയിലെ സന്മതി പാർക്ക് ആ നിലയ്ക്കു നോക്കുമ്പോൾ നഗരവാസികൾക്ക് അനുഗ്രഹം തന്നെയാണ്. എരുമക്കുഴിയിലേതെന്ന പോലെ മാലിന്യകേന്ദ്രമായി മാറിയ ഇടങ്ങൾ നഗരത്തിൽ വേറെയും ഉണ്ട്. അവയുടെ മുഖച്ഛായ മാറ്റാനും നഗരസഭ മുന്നോട്ടുവരേണ്ടതുണ്ട്.
നഗരജീവിതം കൂടുതൽ മെച്ചപ്പെടുത്താനുള്ള പദ്ധതികൾക്കാകണം നഗരസഭയിൽ പ്രാധാന്യം നൽകേണ്ടത്. വെയിലും മഴയുമേൽക്കാത്ത ബസ് കാത്തിരുപ്പുകേന്ദ്രങ്ങൾ, ആട്ടോസ്റ്റാൻഡുകൾ, ടോയ്ലെറ്റുകൾ എന്നിവ അവശ്യം വേണ്ടതാണ്. വൻതുക ചെലവഴിച്ചു നിർമ്മിക്കുന്ന ഇത്തരം സൗകര്യങ്ങൾ ഉപയോഗയോഗ്യമായ നിലയിൽ പരിപാലിക്കാനുള്ള ഏർപ്പാടുകൾ കൂടി ഉണ്ടാകണം. ഉദ്ഘാടനം കഴിഞ്ഞ് ആഴ്ചകൾക്കകം തന്നെ നശിക്കുന്ന കാഴ്ചയാണ് ചുറ്റിലും കാണാറുള്ളത്. സൂക്ഷിക്കാനും പരിപാലിക്കാനും ആളില്ലാത്തതുകൊണ്ടാണ് ഇതു സംഭവിക്കുന്നത്.
സന്മതി പാർക്കിന്റെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും സൗകര്യങ്ങൾ പലതും ഇനിയും വരാനുണ്ട്. വനിതാ സൗഹൃദ പാർക്കായി മാറ്റാനും മുലയൂട്ടൽകേന്ദ്രം, സ്ത്രീസൗഹൃദ ടോയ്ലെറ്റുകൾ എന്നിവ ഒരുക്കാനും പദ്ധതി ഉണ്ട്. മാലിന്യ സംസ്കരണത്തിലെ പുതുരീതികൾ ജനങ്ങൾക്ക് മനസിലാക്കാനുള്ള ഏർപ്പാടുകളും പാർക്കിൽ ഉണ്ടാകും.
മാലിന്യ സംഭരണവും സംസ്കരണവും വെല്ലുവിളിയായി മാറിയ നഗരപ്രദേശങ്ങളിൽ വികേന്ദ്രീകൃത സംസ്കരണ ശാലകൾ ആരംഭിക്കുകയാണു വേണ്ടത്. ഇതിനു വേണ്ടിയുള്ള ആലോചനകൾ തിരുതകൃതിയായി നടക്കുന്നതല്ലാതെ ജനങ്ങൾക്കു കൂടി സ്വീകാര്യമായ മാതൃകകൾ അവതരിപ്പിക്കാനായിട്ടില്ല. സംസ്കരണ കേന്ദ്രമെന്നു കേട്ടാൽ ജനം പ്രതിഷേധവുമായി ഇറങ്ങുന്നതാണ് പ്രധാന പ്രശ്നം. വിളപ്പിൽശാലയുടെ തിക്താനുഭവങ്ങളാണ് ജനങ്ങളുടെ കൺമുന്നിലുള്ളത്. ജനമനസിൽ ഉറച്ചുപോയ ധാരണ മാറ്റിയെടുക്കാൻ കഴിയുന്ന പ്ലാന്റുകൾ സ്ഥാപിച്ചു പ്രവർത്തിപ്പിച്ച് ബോദ്ധ്യപ്പെടുത്തണം. സംസ്ഥാനത്തെ ഒട്ടുമിക്ക നഗരപ്രദേശങ്ങളിലും സംസ്കരണ സൗകര്യമില്ലാത്തതുകൊണ്ട് സംഭരിക്കുന്ന മാലിന്യങ്ങൾ ഒഴിഞ്ഞ സ്ഥലത്ത് കൂട്ടിയിടുകയാണു ചെയ്യുന്നത്. ഇതു സൃഷ്ടിക്കുന്ന പരിസര മലിനീകരണവും ആരോഗ്യപ്രശ്നങ്ങളും വളരെയധികമാണ്. തിരഞ്ഞെടുപ്പു കഴിഞ്ഞ് പുതുതായി അധികാരത്തിലേറുന്ന തദ്ദേശസ്ഥാപനങ്ങളുടെ ആദ്യ പരിപാടികളിലൊന്നായി മാലിന്യപ്രശ്നം ഇടംപിടിക്കണം. എല്ലാ വലിയ നഗരങ്ങളിലും വർഷങ്ങളായി കൂടിക്കിടക്കുന്ന മാലിന്യമലകൾ ഉണ്ട്. ശ്രമിച്ചാൽ വലിയ പ്രയാസം കൂടാതെ മാലിന്യമലകളുടെ സ്ഥാനത്ത് എരുമക്കുഴിയിലേതു പോലെ ഉദ്യാനങ്ങൾക്ക് ജന്മം നൽകാവുന്നതേയുള്ളൂ. ഉത്പാദനക്ഷമമല്ലാത്ത ഏതെങ്കിലുമൊരു പദ്ധതിക്കുവേണ്ടി മുടക്കുന്ന പണം പോലും വേണ്ടിവരില്ല ഇത്തരം സംരംഭത്തിന്. തദ്ദേശസ്ഥാപനങ്ങളുടെ ഭരണം കൈയാളുന്നവർക്ക് അതിനുള്ള 'സൽബുദ്ധി" ഉണ്ടാകണമെന്നുമാത്രം.