dd

കിളിമാനൂർ: സവാള വിലയ്ക്ക് പിന്നാലെ വറ്റൽ മുളകിന്റെ വില കൂടിയത് വീണ്ടും അടുക്കള ബഡ്ജറ്റിന്റെ താളം തെറ്റിക്കുന്നു.

നിറം കൂടുതലും എരിവ് കുറവുമുള്ള കാശ്‍മീരി പിരിയൻ മുളകിന്റെ വില കുത്തനെ ഉയർന്നു. കഴിഞ്ഞ മാസം 300 രൂപയായിരുന്ന ഒരു കിലോ കാശ്‍മീരി പിരിയൻ മുളകിന്റെ വില കഴിഞ്ഞ ദിവസം 345 ആയി ഉയർന്നു. മംഗലാപുരത്തു സീസൺ കഴിഞ്ഞതാണ് വില ഉയരാനുള്ള കാരണമായി പറയുന്നത്.

കറിക്ക് സ്വാദ് ലഭിക്കാൻ ഒട്ടു മിക്ക കുടുംബങ്ങളിലും സാധാരണ മുളകിനൊപ്പം കാശ്‍മീരി പിരിയനും കൂടി ചേർത്താണ് പൊടിക്കുന്നത്. വൻകിട ഹോട്ടലുകളിൽ കൂടുതൽ സ്വാദ് ലഭിക്കാൻ കാശ്‍മീരി പിരിയൻ മാത്രമാണ് ഉപയോഗിക്കുന്നത്. ഇതിന്റെ വില ഉയർന്നതോടെ ഇപ്പോൾ ആളുകൾ ഗുണ്ടൂർ പിരിയനാണ് കൂടുതലായി വാങ്ങുന്നത്. ഇതിനു പക്ഷേ കാശ്‍മീരിയേക്കാൾ എരിവ് കൂടുതലും നിറം അല്പം കുറവുമാണ്.

ഗുണ്ടൂർ പിരിയന് ഇപ്പോൾ 205 രൂപയാണ് വില. ആന്ധ്രയിലെ ഗുണ്ടൂരിൽ നിന്നുള്ള സാധാമുളകിന് കിലോയ്ക്ക് 160 രൂപയായി തന്നെ നിൽക്കുകയാണ്. ലോക്ക് ഡൗൺ കാലത്ത് സാധാരണ മുളകിന്റെ വില 200 ആയി ഉയർന്നിരുന്നു. പിന്നീട് 140 ലേക്ക് താഴ്ന്ന ശേഷമാണ് വീണ്ടും ഉയർന്നത്. ഡിസംബറിൽ ഗുണ്ടൂരിൽ സീസൺ ആരംഭിക്കുന്നതോടെ വില താഴുമെന്നാണ് പ്രതീക്ഷ.