തിരുവനന്തപുരം: മുഖ്യമന്ത്രിയിലേക്ക് അധികാരങ്ങൾ കേന്ദ്രീകരിക്കാൻ വഴിയൊരുക്കുന്ന വിവാദവ്യവസ്ഥകളടങ്ങിയ റൂൾസ് ഒഫ് ബിസിനസ് ഭേദഗതിയിൽ തീരുമാനം തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മാത്രം. മന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ ഉപസമിതിയുടെ ഇതുസംബന്ധിച്ച റിപ്പോർട്ട് ഇന്നലെ മന്ത്രിസഭായോഗത്തിൽ വച്ചെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു.
പുതിയ ചില വ്യവസ്ഥകളിൽ ഘടകകക്ഷി മന്ത്രിമാർ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ തീരുമാനമെടുത്താൽ അത് മുന്നണിയിൽ മറ്രൊരു അസ്വാരസ്യത്തിന് ഇടയാവുമെന്നും വിവാദം തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഗുണകരമാകില്ലെന്നും വിലയിരുത്തി.
മന്ത്രിമാരുടെ അധികാരം കവരാനിടയുണ്ടെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇത്തരം വ്യവസ്ഥകൾ ഉപസമിതിയുടെ യോഗത്തിന് ശേഷം മാറ്റിയിട്ടുണ്ട്. എന്നാൽ, മന്ത്രിമാർ അറിയാതെ വകുപ്പു സെക്രട്ടറിമാർ വഴി ഫയലുകൾ വിളിച്ചുവരുത്തി മുഖ്യമന്ത്രിക്ക് തീരുമാനമെടുക്കാമെന്ന വിവാദ വ്യവസ്ഥ നിലനിറുത്തി. ഇക്കാര്യത്തിലും ഉപസമിതി യോഗത്തിൽ മന്ത്രിമാരായ ഇ.ചന്ദ്രശേഖരനും കെ. കൃഷ്ണൻകുട്ടിയും വിയോജനക്കുറിപ്പ് നൽകിയിട്ടുണ്ട്. ഇതും മന്ത്രിസഭായോഗം പരിഗണിക്കും.
ഇ.ഡിയും ബാറും പരിഗണിച്ചില്ല
എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അമിതമായ കടന്നുകയറ്റത്തെ പ്രതിരോധിക്കാനുള്ള നിയമ പരിശോധന സർക്കാർ നടത്തിയെങ്കിലും മന്ത്രിസഭായോഗത്തിൽ അക്കാര്യം ചർച്ചയായില്ല. ഒരു മേശയ്ക്ക് ഇരുപുറവും രണ്ടുപേർ ഇരുന്ന് കഴിക്കാവുന്ന തരത്തിൽ ബാറുകൾ തുറന്ന് പ്രവർത്തിക്കാൻ എക്സൈസ് വകുപ്പിന്റെ നിർദ്ദേശമുണ്ടായിരുന്നെങ്കിലും മന്ത്രിസഭായോഗം അതും പരിഗണിച്ചില്ല. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമിറങ്ങിക്കഴിഞ്ഞാൽ പിന്നെ അതു കഴിഞ്ഞേ ബാറുകൾ തുറക്കുന്നത് പരിഗണിക്കാനാവൂ.