ആറ്റിങ്ങൽ: നഗരസഭയുടെ വനിത ഹോസ്റ്റൽ മന്ദിരത്തിന്റെ ഉദ്ഘാടനം ചെയർമാൻ എം. പ്രദീപ് നിർവഹിച്ചു. നഗരസഭ വാർഡ് 12 ൽ പഴയ മുനിസിപ്പൽ ക്വാർട്ടേഴ്സിന് സമീപത്തായി 2017 - 18 ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി 65 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച കെട്ടിടമാണ് വനിത ഹോസ്റ്റലായി മാറുന്നത്. 30 പേർക്ക് ഇവിടെ താമസിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫർണിച്ചർ, ഡൈനിംഗ് ഹാൾ, അടുക്കള, ടൊയ്‌ലെറ്റ് തുടങ്ങി എല്ലാ സംവിധാനങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ ചുമതലയിലായിരിക്കും ഹോസ്റ്റൽ പ്രവർത്തിക്കുന്നത്.
വരുന്ന മാസങ്ങളിലായി പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന സാഹചര്യം കണക്കിലെടുത്താണ് മന്ദിരം പ്രവർത്തന സജ്ജമാക്കിയത്. നിലവിൽ പട്ടണത്തിന് പുറത്ത് നിന്ന് വരുന്ന വിദ്യാർത്ഥിനികൾക്ക് സുരക്ഷിതമായി താമസിക്കാൻ ഒരിടം ഇല്ല എന്ന സാഹചര്യം കണക്കിലെടുത്താണ് നഗരസഭ സംവിധാനം ഒരുക്കിയത്. കഴിഞ്ഞ പ്രളയകാലത്ത് പട്ടണത്തിലെ വിവിധ തീരമേഖലകളിൽ താമസിച്ചിരുന്ന നിരവധി കുടുംബങ്ങളെ താത്കാലികമായി ഈ കെട്ടിടത്തിലേക്ക് നഗരസഭ മാറ്റി പാർപ്പിച്ചിരുന്നു.
നിലവിലെ കൗൺസിൽ അദ്ധ്യക്ഷനായ എം. പ്രദീപ് 1988 ലെ കൗൺസിലിൽ ഫിനാൻസ് കമ്മിറ്റി ചെയർമാനായിരിക്കുമ്പോഴാണ് വനിത ഹോസ്റ്റൽ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. പല കാരണങ്ങളാൽ അത് മുടങ്ങി. 32 വർഷത്തിനു ശേഷമാണ് നഗരസഭയ്ക്ക് ഇത് സഫലീകരിക്കാനായത്.
വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ അവനവഞ്ചേരി രാജു, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ എ. റീജ എന്നിവർ പങ്കെടുത്തു.