വർക്കല: വീട് വിട്ട് ഇറങ്ങി തെരുവോരങ്ങളിലും റെയിൽവേ പ്ലാറ്റ്ഫോമിലും കറങ്ങി നടന്ന ക്ഷീണിതയായ വീട്ടമ്മയെ റെയിൽവേ പൊലീസും വർക്കല പൊലീസും ചേർന്ന് ബന്ധുക്കളെ കണ്ടെത്തി ഏല്പിച്ചു. കല്ലമ്പലം തോട്ടയ്ക്കാട് പ്ലാവിള വീട്ടിൽ പരേതനായ സദാശിവന്റെ ഭാര്യ ബേബി(62) ആണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ വീട് വിട്ട് ഇറങ്ങിയത്. ഇവർക്ക് രണ്ട് ആൺമക്കളാണ്. ഇതിൽ ഒരു മകനോടൊപ്പമായിരുന്നു ബേബി താമസിച്ചിരുന്നത്. രാത്രിയിൽ ഇവർ റെയിൽവേ പ്ലാറ്റ്ഫോമിലും ബസ് സ്റ്റോപ്പുകളിലും അന്തിയുറങ്ങുകയായിരുന്നു. ബുധനാഴ്ച രാവിലെ വർക്കല ശിവഗിരി റെയിൽവേസ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ക്ഷീണിതയായി ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട റെയിൽവേ പൊലീസ് വർക്കല പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പിങ്ക് പൊലീസ് എസ്.ഐ ലിസി, ബീറ്റ് പൊലീസ് ഓഫീസർ ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ വനിതാപൊലീസ് അജിതകുമാരി, ആർ.പി.എഫ് പൊലീസ് സന്തോഷ് കുമാർ, റെയിൽവേ സ്പെഷ്യൽ ഡ്യൂട്ടി പൊലീസുകാരായ സജിത്ത് കുമാർ, വിപിൻദാസ് എന്നിവരുടെ സഹകരണത്തോടെ ബേബിയുടെ ബന്ധുക്കളെ കണ്ടെത്തി ഏല്പിക്കുകയായിരുന്നു.