ഏത് കേസിലുമിടപെടാനുള്ള അനുമതി റദ്ദാക്കി
നിലവിലെ അന്വേഷണം തുടരാം
തിരുവനന്തപുരം: ലൈഫ് കേസ് ഏറ്റെടുത്തതിൽ രാഷ്ട്രീയ ദുരുദ്ദേശ്യം ആരോപിച്ച് രംഗത്തെത്തിയ സംസ്ഥാന സർക്കാർ ഒടുവിൽ കേന്ദ്ര ഏജൻസിയായ സി.ബി.ഐക്ക് പൂട്ടിട്ടു. ഏത് കേസിലും ഇടപെട്ട് അന്വേഷിക്കാനുള്ള മുൻകൂർ അനുമതി റദ്ദാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇനി സംസ്ഥാനം അനുവദിക്കുന്ന കേസുകളിൽ മാത്രമായിരിക്കും സി.ബി.ഐക്ക് ഇടപെടാനാവുക. അല്ലെങ്കിൽ ഹൈക്കോടതിയുടെയോ സുപ്രീംകോടതിയുടെയോ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള കേസുകളായിരിക്കണം. അതേസമയം, നിലവിൽ അന്വേഷണം നടക്കുന്ന കേസുകളിൽ സി.ബി.ഐക്ക് നടപടി തുടരാം.
പശ്ചിമബംഗാൾ, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങൾ സി.ബി.ഐക്കുള്ള മുൻകൂർ പൊതു അനുമതി നേരത്തേ റദ്ദാക്കിയിരുന്നു. മൂന്നാഴ്ച മുമ്പ് മഹാരാഷ്ട്ര സർക്കാരും അനുമതി റദ്ദാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ നിയമവശങ്ങൾ പരിശോധിച്ചാണ് മന്ത്രിസഭായോഗം തീരുമാനമെടുത്തത്. അനുമതി റദ്ദാക്കിയ സംസ്ഥാനങ്ങൾക്കെതിരെ കോടതിയിടപെടലുകളൊന്നും ഇതുവരെ ഉണ്ടാകാത്തതും അനുകൂല ഘടകമായി.
ആന്ധ്രപ്രദേശിൽ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരിക്കെ സി.ബി.ഐക്ക് അനുമതി റദ്ദാക്കിയെങ്കിലും ജഗൻമോഹൻ റെഡ്ഡി അധികാരത്തിലെത്തിയതതോടെ പുനസ്ഥാപിച്ചു.
യു.എ.ഇ റെഡ് ക്രസന്റിന്റെ സാമ്പത്തിക സഹായത്തോടെയുള്ള വടക്കാഞ്ചേരി ലൈഫ് ഫ്ളാറ്റ് നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്ന് കോൺഗ്രസ് എം.എൽ.എ അനിൽ അക്കരെ നൽകിയ പരാതിയിലാണ് സി.ബി.ഐ എത്തിയത്. വിദേശ സഹായ നിയന്ത്രണ നിയമപ്രകാരമുള്ള കേസായതിനാൽ സർക്കാരിന്റെ അനുമതി തേടേണ്ടെന്നാണ് സി.ബി.ഐ വാദം.
സർക്കാരിനെ ഇരുട്ടിൽ നിറുത്തിയുള്ള സി.ബി.ഐ ഇടപെടലിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ലൈഫ് മിഷൻ രണ്ടു മാസത്തെ സ്റ്റേ സമ്പാദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്ര് ബി.ജെ.പിയിതര സംസ്ഥാനങ്ങളുടെ മാതൃകയിൽ കേരളത്തിലും സി.ബി.ഐക്ക് മൂക്കുകയറിടാനുള്ള നടപടികളെക്കുറിച്ച് സർക്കാർ ആലോചിച്ചതും ഇന്നലെ തീരുമാനമെടുത്തതും.
രാഷ്ട്രീയാവശ്യത്തിന് കേന്ദ്രം സി.ബി.ഐയെ ദുരുപയോഗിക്കുന്നെന്ന് സോണിയാ ഗാന്ധിയും രാഹുലും ഉൾപ്പെടെ ആരോപിക്കുകയും കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും ഛത്തീസ്ഗഡിലും സി.ബി.ഐക്കുള്ള മുൻകൂർ അനുമതി റദ്ദാക്കുകയുമായിരുന്നു. ഈ പശ്ചാത്തലത്തിൽ കേരളത്തിലും ഇതാലോചിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും നിർദ്ദേശിച്ചിരുന്നു.
സി.ബി.ഐ അന്വേഷണം
അന്വേഷണം ഡൽഹി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടനുസരിച്ച്
കേന്ദ്ര ഭരണ പ്രദേശങ്ങളിൽ കേസുകൾ നേരിട്ടന്വേഷിക്കാം
സംസ്ഥാനങ്ങളിൽ മുൻകൂർ അനുമതി വേണം
കേരളമുൾപ്പെടെ പൊതു അനുമതി നേരത്തേ നൽകി
സ്റ്റേ മാറിയാൽ ലൈഫിൽ
അന്വേഷണം തുടരാം
അന്വേഷണത്തിന് നൽകിയ പൊതു അനുമതി റദ്ദാക്കിയത് നിലവിലുള്ള കേസുകൾക്ക് ബാധകമല്ലാത്തതിനാൽ ലൈഫ് മിഷനുമായി ബന്ധപ്പെട്ട അന്വേഷണം ഹൈക്കോടതിയുടെ സ്റ്റേ നീക്കിക്കിട്ടിയാൽ സി.ബി.ഐക്ക് തുടരാം.