ഇരവിപുരം: മദ്യപിക്കാൻ സ്ഥലം നൽകാത്തതിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപെരെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇരവിപുരം തെക്കുംഭാഗം ഗാർഫിൽ ക്ലബിന് സമീപം ജിനു നിവാസിൽ ജിനു (34), കാക്കത്തോപ്പ് ഷൈനി മന്ദിരത്തിൽ ജോസ് അജയകുമാർ (40), ഗാർഫിൽ ക്ലബിന് സമീപം ന്യൂ കോളനിയിൽ വിനോദ് (40) എന്നിവരാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് പതിനൊന്നരയോടെ കാക്കത്തോപ്പ് കടൽത്തീരത്തായിരുന്നു സംഭവം. വല നിർമ്മാണ തൊഴിലാളികളായ പ്രതികൾ കടപ്പുറത്തിരുന്ന് മൊബൈലിൽ കളിച്ചുകൊണ്ടിരുന്ന യുവാക്കളോട് അവിടെ നിന്ന് മാറണമെന്നും, തങ്ങൾക്ക് മദ്യപിക്കണമെന്നും ആവശ്യപ്പെട്ടു. യുവാക്കൾ മാറാതിരുന്നതോടെ വലയുടെ റോപ്പ് മുറിക്കാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ആക്രമിച്ചു. കാക്കത്തോപ്പ് ക്ലാവറ മുക്കിന് സമീപം ഹിമേഷ് വില്ലയിൽ ഹിമേഷിന് (20) ഗുരുതരമായി പരിക്കേറ്റു. ഇയാൾ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽചികിത്സയിലാണ്.
ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ കൊല്ലം എ.സി.പി പ്രദീപ് കുമാറിന്റെ നിർദ്ദേശ പ്രകാരം ഇരവിപുരം എസ്.എച്ച്.ഒ കെ.വിനോദിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ തെരച്ചിലിലാണ് പ്രതികളെ പിടികൂടിയത്. കത്തിയും രക്ഷപ്പെടാൻ ഉപയോഗിച്ച ബൈക്കും പൊലീസ് കണ്ടെടുത്തു. ഇരവിപുരം എസ്.ഐമാരായ എ.പി. അനീഷ്, ദീപു, ബിനോദ് കുമാർ, പ്രകാശ്, സുനിൽ, ജയകുമാർ, എ.എസ്.ഐമാരായ ഷിബു.ജെ. പീറ്റർ, ജയപ്രകാശ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.