തിരുവനന്തപുരം: സി.പി.എം നേതാവും യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാനുമായ പി.ബിജു (43) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മെഡി.കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരിക്കെ ഇന്നലെ രാവിലെ എട്ടോടെയുണ്ടായ ഹൃദയാഘാതമാണ് ജീവനപഹരിച്ചത്.
എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ഡി.വൈ.എഫ്.ഐയുടെ മുൻ സംസ്ഥാനട്രഷററുമാണ്. എസ്.എഫ്.ഐ ജില്ലാപ്രസിഡന്റ്, സെക്രട്ടറി, കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി, സിൻഡിക്കറ്റംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. നിലവിൽ സി.പി. എം തിരുവനന്തപുരം ജില്ലാമ്മിറ്റിയംഗമാണ്.
വെഞ്ഞാറമൂട് രോഹിണിയിൽ പ്രഭാകരൻ–ചന്ദ്രിക ദമ്പതികളുടെ മകനാണ്. പാലോട് കാർഷിക ഗ്രാമ വികസന ബാങ്ക് ജീവനക്കാരി ഹർഷയാണ് ഭാര്യ. നാല് വയസുകാരൻ നയൻ, ഒന്നര വയസുകാരൻ നീൽ എന്നിവർ മക്കളാണ്.
ഒക്ടോബർ 20നാണ് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് കൊവിഡ് നെഗറ്റീവായെങ്കിലും ഉയർന്ന പ്രമേഹവും രക്തസമ്മർദ്ദവും ആരോഗ്യനില വഷളാക്കി. വൃക്കകൾ തകറാറിലായി. ഒരാഴ്ചയായി ഡയാലിസിസ് ചെയ്തിരുന്നു. പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
2.15ന് സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വച്ച ഭൗതികശരീരത്തിൽ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പ്രമുഖ നേതാക്കളും അടക്കം അന്ത്യാഞ്ജലി അർപ്പിച്ചു.സംസ്‌കാരം വൈകിട്ട് നാലിന് ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ നടന്നു.
വിദ്യാർത്ഥി നേതാവായി തുടക്കം,
കൊവിഡ് പ്രതിരോധ പോരാളി പേജ്