വിതുര: കാത്തിരിപ്പിനൊടുവിൽ തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക്-ആനപ്പെട്ടി റോഡിന് ശാപമോക്ഷം. ജില്ലാപഞ്ചായത്ത് അനുവദിച്ച ഫണ്ട് വിനിയോഗിച്ചാണ് റോഡിന്റെ ടാറിംഗ് ആരംഭിച്ചത്. പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിൽ തോട്ടുമുക്ക് ജംഗ്ഷനിൽ നിന്ന് ആനപ്പെട്ടി മേഖലയിലേക്കുള്ള റോഡ് തകർന്ന് കാൽനടയാത്ര പോലും ദുഃസഹമായിട്ട് വർഷങ്ങൾ പിന്നിട്ടിരുന്നു. മിക്ക സ്ഥലങ്ങളിലും വൻ കുഴികൾ രൂപപ്പെട്ടു. ചില സ്ഥലങ്ങളിൽ റോഡ് മൺപാതയ്ക്ക് സമാനമായിരുന്നു. ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണ് അപകടങ്ങളും തുടർക്കഥയായി. റോഡിന്റെ വശങ്ങൾ കാടുമൂടിയതിനാലുള്ള ബുദ്ധിമുട്ട് വേറെ.
റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാർ അധികാരികൾക്ക് നിവേദനം നൽകിയെങ്കിലും നിരാശ മാത്രമായിരുന്നു ഫലം. സമീപത്തെ മിക്ക റോഡുകളും ടാറിംഗ് നടത്തിയപ്പോഴും തോട്ടുമുക്ക്-ആനപ്പെട്ടി റോഡിനെ അധികൃതർ അവഗണിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് വേളകളിൽ വോട്ടുതേടിയെത്തുന്നവർ റോഡിന്റെ പുനരുദ്ധാരണം വാഗ്ദാനം ചെയ്യുമെങ്കിലും കാര്യംകഴിയുമ്പോൾ കൈമലർത്തുകയാണ് പതിവെന്നും നാട്ടുകാർക്ക് പരാതിയുണ്ടായിരുന്നു. ഇതിനാണ് ഒടുവിൽ പരിഹാരമായത്.
വഴിത്തിരിവായി കേരളകൗമുദി വാർത്ത
ഓടകൾ ഇല്ലാത്തതിനാലാണ് റോഡ് ടാർ ചെയ്തിട്ട് 3 വർഷത്തിനുള്ളിൽ തകരാൻ കാരണം. റോഡിൽ അടിയന്തരമായി ടാറിംഗ് നടത്തിയില്ലെങ്കിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലായിരുന്നു നാട്ടുകാർ. അപകടങ്ങൾ തുടർക്കഥയായതോടെ കേരളകൗമുദി ഇക്കാര്യം ചൂണ്ടിക്കാട്ടി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവും തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംന നവാസും റോഡ് സന്ദർശിക്കുകയും ഫണ്ട് അനുവദിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്.
ജില്ലാ പഞ്ചായത്ത് ഫണ്ട്:15 ലക്ഷം
പഞ്ചായത്ത് ഫണ്ട്: 12 ലക്ഷം
"തോട്ടുമുക്ക്-ആനപ്പെട്ടി റോഡിന്റെ ടാറിംഗ് പൂർത്തിയായി കഴിഞ്ഞു. അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മൂന്ന് ദിവസത്തിനകം ഇത് പൂർത്തിയാകും. ഉദ്ഘാടനം അടുത്ത ആഴ്ച നടത്തും."
വി.കെ.മധു, ജില്ലാപഞ്ചായത്ത് പ്രസിഡന്റ്