കല്ലമ്പലം: മണമ്പൂർ വില്ലേജിലെ തൊട്ടിക്കല്ല് തൈവിളാകം നിവാസികളുടെ പട്ടയത്തിനായുള്ള കാത്തിരുപ്പിന് വിരാമമായി. പട്ടയ വിതരണോദ്ഘാടനം ഇന്നലെ മണമ്പൂർ വില്ലേജ് ഓഫീസിൽ നടന്ന ചടങ്ങിൽ വച്ച് ആദ്യ 14 കുടുംബങ്ങൾക്ക് പട്ടയം നൽകികൊണ്ട് അഡ്വ.ബി.സത്യൻ എം.എൽ എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശ്, വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, വാർഡ് മെമ്പർമാരായ എ.നഹാസ്, നജ്മ, ജയ, തഹസിൽദാർ വിനോദ്, അഡീഷണൽ തഹസിൽദാർ ജേക്കബ് സജ്ഞയ് ജോൺ, ഡെപ്യൂട്ടി തഹസിൽദാർ അജിത്ത് കുമാർ, വില്ലേജ് ഓഫീസർ ഉദയകുമാർ എന്നിവർ പങ്കെടുത്തു. 1969 ൽ സ്വകാര്യ വ്യക്തി വിലയ്ക്ക് വാങ്ങിയ 36 ഏക്കർ ഭൂമിയിൽ ഭൂപരിഷ്ക്കരണ നിയമപ്രകാരം 1975 ൽ 18 ഏക്കർ സ്ഥലം സർക്കാർ ഏറ്റെടുത്ത് മിച്ചഭൂമിയായി പ്രഖ്യാപിച്ചു. തുടർന്ന് വസ്തു ഉടമയും, വസ്തു കൈവശവകാശക്കാരും ചേർന്ന് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയും 2000 ൽ പ്രസ്തുത ഭൂമി മിച്ചഭൂമിയായി ഏറ്റെടുത്ത നടപടി ഹൈക്കോടതി അംഗീകരിക്കുകയുമായിരുന്നു. തുടർന്ന് ഈ വസ്തുവിലെ താമസക്കാർക്ക് പോക്ക് വരവ് ചെയ്യാൻ കഴിയാതെയായി. ഈ ഭൂമിയിലെ താമസക്കാരായ 88 കുടുംബങ്ങൾക്ക് കൈവശവകാശവും പട്ടയവും നൽകണമെന്നാവശ്യപ്പെട്ട് സത്യൻ എം.എൽ.എ നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് പട്ടയം നൽകാൻ നടപടിയായത്.