തിരുവനന്തപുരം: ജില്ലയിലെ 13 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആകുന്നതോടെ റവന്യൂ സേവനങ്ങൾ കൂടുതൽ വേഗത്തിൽ ജനങ്ങൾക്കു ലഭിക്കും. ഉള്ളൂർ, പേട്ട, അയിരൂർ, നെടുമങ്ങാട്, കുളത്തൂർ, വെള്ളറട, വാമനപുരം, കല്ലറ, ആനാട്, മലയിൻകീഴ്, വിളവൂർക്കൽ, വർക്കല, ചെമ്മരുതി വില്ലേജ് ഓഫീസുകളാണ് സ്മാർട്ട് ഓഫീസുകളായി നവീകരിക്കുന്നത്. ഇ​-ഓഫീസ് സംവിധാനം നടപ്പിലാക്കിയതിലൂടെ കളക്ടറേറ്റ്, താലൂക്ക് ഓഫീസുകൾ, റവന്യൂ ഡിവിഷണൽ ഓഫീസുകൾ എന്നിവ കടലാസ് രഹിതമായെന്നും റവന്യൂ ഭൂരേഖകളുടെ ആധുനികവത്കരണത്തിന് തുടക്കം കുറിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വീഡിയോ കോൺഫറൻസ് വഴി നടന്ന ചടങ്ങിൽ മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് അതത് നിയമസഭാ മണ്ഡലങ്ങളിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു. വർക്കല താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വി. ജോയ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നിർമാണം ആരംഭിക്കുന്ന സ്മാർട്ട് വില്ലേജ് ഓഫീസുകളുടെയും ശിലാഫലകം അദ്ദേഹം അനാച്ഛാദനം ചെയ്തു. വാമനപുരം വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ വാമനപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ദേവദാസ് ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.