തിരുവനന്തപുരം: ബംഗളൂരു ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയുടെ കള്ളപ്പണ- ബിനാമി ഇടപാടിന്റെ രേഖകൾ പിടിച്ചെടുക്കാനും, വരുമാനത്തിന്റെ ഉറവിടം കണ്ടെത്താനും ബിനീഷിന്റെ വസതിയടക്കം തിരുവനന്തപുരത്ത് ആറിടത്തും കണ്ണൂരിൽ ഒരിടത്തും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. നിർണായക രേഖകൾ പിടിച്ചെടുത്തതായാണ് വിവരം. മയക്കുമരുന്നു കച്ചവടക്കാരനും ബിനീഷിന്റെ സുഹൃത്തുമായ അനൂപിന്റെ എ.ടി.എം കാർഡ് ബിനീഷിന്റെ വീട്ടിൽ നിന്ന് ലഭിച്ചെന്ന് ഇ.ഡി പറഞ്ഞു. എന്നാൽ ഇത് ഇ.ഡി കൊണ്ടുവച്ചതാണെന്ന് ബിനീഷിന്റെ ഭാര്യ ആരോപിച്ചു.
തിരുവനന്തപുരം മരുതംകുഴിയിലെ ബിനീഷിന്റെ 'കോടിയേരി"യെന്ന വീട്, ബിനാമിയെന്ന് കരുതുന്ന അബ്ദുൾലത്തീഫിന്റെ കവടിയാറിലെ വസതി, ബിനീഷിന് നിക്ഷേപമുണ്ടെന്ന് സംശയിക്കുന്ന പട്ടത്തെ കാർ പാലസ്, ശംഖുംമുഖത്തെ ഓൾഡ് കോഫി ഹൗസിലടക്കം ബിസിനസ് പങ്കാളിയായ ആനന്ദ് പദ്മനാഭന്റെ ഉടമസ്ഥതയിലുള്ള സ്റ്റാച്യുവിലെ ടോറസ് റെമഡീസ് കമ്പനി, സുഹൃത്ത് അബ്ദുൾ ജബ്ബാറിന്റെ അരുവിക്കരയിലെ വീട്, ബിനാമിയിടപാടുണ്ടെന്ന് സംശയിക്കുന്ന കെകെ റോക്സ് ക്വാറിയുടമ അരുൺവർഗീസിന്റെ വീട് എന്നിവിടങ്ങളിലായിരുന്നു തിരുവനന്തപുരത്ത് റെയ്ഡ്.
കണ്ണൂർ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയായിരുന്ന മുഹമ്മദ് അനസിന്റെ തലശേരിയിലെ വീട്ടിലെ റെയ്ഡിൽ ചാക്കിൽ കെട്ടിയ രേഖകൾ പകുതി കത്തിച്ച നിലയിൽ കണ്ടെത്തി. ബിനീഷിന്റെ സുഹൃത്താണ് അനസ്. സി.ആർ.പി.എഫ്, കർണാടക പൊലീസ് സായുധസുരക്ഷയിലായിരുന്നു ഇ.ഡിയുടെ കൂട്ടറെയ്ഡുകൾ. തിരുവനന്തപുരത്തെ ആറിടങ്ങളിലെ റെയ്ഡ് 11മണിക്കൂർ നീണ്ടു.
ഇന്നലെ രാവിലെ ഒമ്പതരയോടെ ആറ് ഇ.ഡി, ആദായനികുതി ഉദ്യോഗസ്ഥർ ബിനീഷിന്റെ വീട്ടിലെത്തിയപ്പോൾ അവിടെ സുരക്ഷയൊരുക്കുന്ന പൊലീസുകാരേ ഉണ്ടായിരുന്നുള്ളൂ. അര മണിക്കൂറിലേറെ ഉദ്യോഗസ്ഥർ കാത്തുനിന്നു. ബിനീഷിന്റെ ഭാര്യയെത്തി താക്കോൽ കൈമാറി. പട്ടത്തെ കാർപാലസ് ഷോറൂം രാവിലെ തുറന്നയുടൻ ഇ.ഡി ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് അകത്തുകയറി. യു.എ.ഇ കോൺസുലേറ്റിലെ വിസ സ്റ്റാമ്പിംഗ് കരാർ നേടിയ കമ്പനി ലത്തീഫിന്റേതാണ്. പ്രളയത്തിൽ തകർന്ന 150വീടുകൾ പുതുക്കിപ്പണിയാൻ കോൺസുലേറ്റിന്റെ 1,60,000 ഡോളർ (1.2കോടി രൂപ) കരാർ ലഭിച്ചത് കാർപാലസിനാണ്. ഈ ഇടപാടിൽ 70,000 ഡോളർ (51ലക്ഷം രൂപ) കാർ പാലസ് തനിക്ക് കമ്മിഷൻ നൽകിയെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ലത്തീഫിനെ ചോദ്യംചെയ്യാൻ ഇ.ഡി ബംഗളൂരുവിലേക്ക് വിളിപ്പിച്ചു.
ബിനീഷിന്റെ ആഡംബരക്കാറുകൾ സൂക്ഷിക്കുന്നത് അബ്ദുൾ ജബ്ബാറാണെന്ന് ഇ.ഡി പറയുന്നു. ഇയാളെ ബിനാമിയാക്കി നിരവധി ബിസിനസുകൾ ബിനീഷ് നടത്തിയിട്ടുണ്ട്. അരുൺവർഗീസിന്റെ കെ.കെ റോക്സ് ക്വാറിയിലും ബിനീഷിന് പങ്കാളിത്തമുണ്ട്. വിഴിഞ്ഞം തുറമുഖ ഇടപാടിന്റെ മറവിൽ നാല്പത് ക്വാറികൾ തുറന്നുനൽകിയ വഴിവിട്ട ഇടപാടുകൾ നടന്നു. ബിനീഷും സഹോദരൻ ബിനോയിയും ഡയറക്ടർമാരായിരുന്ന സ്റ്റാച്യുവിലെ ടോറസ് റെമഡീസ് ആനന്ദിന്റെ ഉടമസ്ഥതയിലാണ്. ബിനീഷിന്റെ മരുതംകുഴിയിലെ വീടിന് മൂന്നരക്കോടി മൂല്യമാണ് ഇ.ഡി കണക്കാക്കിയത്.