തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി 502 പുതിയ തസ്തികകൾ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജിൽ 26 അദ്ധ്യാപക തസ്തികകളും 260 അനദ്ധ്യാപക തസ്തികകളുമാണ് സൃഷ്ടിച്ചത്. എം.ബി.ബി.എസ് കോഴ്സിന്റെ ആദ്യ ബാച്ച് തുടങ്ങുന്നതിനും ആശുപത്രിയുടെ പ്രവർത്തനം സുഗമമാക്കുന്നതിനുമായാണ് തസ്തികകൾ സൃഷ്ടിച്ചത്. ഇതോടെ കിടത്തി ചികിത്സ തുടങ്ങാനാകും.
സംസ്ഥാനത്തെ പുനർനിർമ്മാണ പ്രവർത്തനം വേഗത്തിലാക്കുന്നതിന് ഗ്രാമപഞ്ചായത്തുകളിലെ തദ്ദേശസ്വയംഭരണ വകുപ്പ് എൻജിനിയറിംഗ് വിഭാഗത്തിൽ 195 ഓവർസിയർ തസ്തികകൾ സൃഷ്ടിക്കും. കാസർകോട്ടെ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിൽ 12 തസ്തികകൾ സൃഷ്ടിക്കും. പാലക്കാട് വടക്കഞ്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ 9 തസ്തികകൾ സൃഷ്ടിക്കും.