എം.ബി.ബി.എസ് സീറ്റ് തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് 21 ലക്ഷം രൂപ തട്ടിയെടുത്തു
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുമായി ബന്ധപ്പെട്ട് കന്യാസ്ത്രീകളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ കേസിൽ വിവാദ നായകനായ തിരുവല്ല പെരുന്തുരുത്തി പഴയചിറയിൽ ബിനു ചാക്കോ അറസ്റ്റിൽ. സഭയുടെ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് സീറ്റ് തരപ്പെടുത്തി നല്കാമെന്ന് പറഞ്ഞ് കൊല്ലം സ്വദേശിയിൽ നിന്ന് 21 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ബിനു ചാക്കോ അറസ്റ്റിലായത്. ഇന്നലെ വൈകുന്നേരം എറണാകുളത്തെ ഒരു ആഡംബര ഹോട്ടലിൽ നിന്നാണ് ഇയാളെ കോട്ടയം വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കും.
കാത്തലിക് ഫോറം ജനറൽ സെക്രട്ടറിയാണ് ബിനു. കൊല്ലം സ്വദേശി നൗഷാദിൽ നിന്നാണ് ബിനു പണം കൈപ്പറ്റിയത്. കോട്ടയത്തെ ഒരു ബാങ്ക് വഴിയാണ് പണം നല്കിയത്. കോട്ടയം തിരുവാതുക്കലിൽ താമസിക്കുന്ന മകൾക്ക് എം.ബി.ബി.എസിന് പ്രവേശനം ലഭിക്കാനായിട്ടാണ് നൗഷാദ് പണം കൈമാറിയത്. എന്നാൽ, പറഞ്ഞിരുന്ന സമയത്ത് പ്രവേശനം ലഭിച്ചില്ല.
തുടർന്ന് നിരവധി തവണ ബിനു ചാക്കോയെ നൗഷാദ് ഫോണിൽ ബന്ധപ്പെട്ടെങ്കിലും അഡ്മിഷൻ വാങ്ങിക്കൊടുക്കുകയോ, പണം തിരികെ നൽകുകയോ ചെയ്തില്ല. തുടർന്നാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ. അരുണിന് നൗഷാദ് പരാതി നൽകിയത്.
സമാനമായ രീതിയിൽ ബിനു ചാക്കോ പലരിൽ നിന്നും പണം കൈപ്പറ്റിയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. എന്നാൽ, ആരും പരാതി നല്കിയതായി അറിവില്ല.