കാട്ടാക്കട: സഹപാഠിയുടെ ഓർമ്മയ്ക്കായി പഴയ സ്‌കൂൾ കെട്ടിടം നവീകരിച്ച് മാതൃകയായി. കുറ്റിച്ചൽ പച്ചക്കാട് സ്വദേശിയും കെട്ടിട നിർമ്മാണ തൊഴിലാളിയുമായ ബി. സന്തോഷാണ് ഒന്നരലക്ഷം രൂപ മുടക്കി സ്‌കൂൾ കെട്ടിടം നവീകരിച്ചത്. കുറ്റിച്ചൽ പരുത്തിപ്പള്ളി ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് കാലപ്പഴക്കമുള്ള ഒറ്റമുറി കെട്ടിടം ആധുനികമാക്കി സഹപാഠിയുടെ ഓർമ്മയ്ക്ക് മുന്നിൽ സമർപ്പിച്ചത്. പൈതൃകം സ്റ്റുഡന്റ് കൗൺസിലിംഗ് സെന്റർ എന്ന് പേരിടുകയും ചെയ്തു. കെട്ടിടം കെ.എസ്. ശബരീനാഥൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ, സുധീർ, ബി. സന്തോഷ്, ജനപ്രതിനിധികൾ, പി.ടി.എ ഭാരവാഹികൾ, അദ്ധ്യാപകർ, 1991ലെ എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.