തിരുവനന്തപുരം: തന്റെ മകൻ ആനന്ദ് ബിനീഷ് കോടിയേരിയുടെ ബിനാമിയല്ലെന്നും ബിസിനസ് പങ്കാളിയാണെന്നും പിതാവ് കെ.പദ്‌മനാഭൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ബിനീഷുമായി 25 വർഷത്തെ പരിചയമുണ്ട്. മാർ ഇവാനിയോസിലും ലാ അക്കാഡമിയിലും ആനന്ദും ബിനീഷും സഹപാഠികളായിരുന്നു.
ശംഖുംമുഖത്ത് ഓൾഡ് കോഫി ഹൗസ് റസ്റ്റോറന്റ് ആരംഭിക്കാൻ ആനന്ദിനൊപ്പം ബിനീഷ് 15 ലക്ഷം രൂപയാണ് മുടക്കിയത്. ഇതിനായെടുത്ത ബാങ്ക് വായ്പയുടെ തിരിച്ചടവ് മുടക്കിയതിന് ജപ്തി നോട്ടീസ് കിട്ടി. ബിനീഷുമായുള്ള ബിസിനസ് പങ്കാളിത്തം നിയമപരമായുള്ളതാണ്.
ഇ.ഡി പരിശോധന നടത്തിയ സ്റ്റാച്യു ചിറക്കുളം റോഡിലെ ടോറസ് റെമെഡീസ് ബിനീഷിന്റെ ബിനാമി സ്ഥാപനമല്ല. ഫാർമസി വ്യപാരം നടത്തുന്ന കമ്പനിയാണിത്. ബിനീഷും ബിനോയിയും ആദ്യം ഡയറക്ടർമാരായിരുന്നു. ആനന്ദ് അവിടെ ജീവനക്കാരനുമായിരുന്നു. ഇരുവരും ഒഴിവായ ശേഷം പിന്നീട് കമ്പനി ഏറ്റെടുക്കുകയായിരുന്നു. സ്ഥാപനത്തിന് മെഡിക്കൽ സർവീസസ് കോർപറേഷന് മരുന്ന് വിതരണം ചെയ്യാനുള്ള കരാറുണ്ട്. സർക്കാർ സ്വാധീനത്താലല്ല, യോഗ്യതയുള്ളതിനാലാണ് കരാർ ലഭിച്ചത്. ടോറസിനെ അനാവശ്യമായി ഇ.ഡി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.