തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സെപ്തംബർ ഒന്ന് മുതൽ ആറ് മാസത്തേക്ക് കൂടി സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റി വയ്ക്കാനെടുത്ത തീരുമാനം പൂർണമായി പിൻവലിക്കും. മാറ്റി വച്ചിരിക്കുന്ന ലീവ് സറണ്ടർ ആനുകൂല്യം പി.എഫിൽ ലയിപ്പിക്കേണ്ടതാണെന്ന വ്യവസ്ഥയിൽ ഈ മാസം മുതലാണ് അനുവദിക്കുക. ഇത് 2021 ജൂൺ ഒന്നു മുതൽ പി.എഫിൽ നിന്ന് പിൻവലിക്കാം. അടുത്ത സാമ്പത്തികവർഷത്തെ ലീവ് സറണ്ടർ അടുത്തവർഷം ജൂൺ ഒന്ന് മുതലേ അനുവദിക്കൂ. പി.എഫില്ലാത്ത ജീവനക്കാർക്ക് ലീവ് സറണ്ടർ ആനുകൂല്യം പണമായി അനുവദിക്കും. ഓണറേറിയം ജീവനക്കാരിൽ നിന്ന് മാറ്റിവച്ച ശമ്പളം തിരിച്ച് നൽകും. ഒരുദ്യോഗസ്ഥൻ മൂന്ന് മാസത്തിന് മുകളിൽ അവധിയെടുത്താൽ പ്രൊമോഷൻ നൽകി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന സമ്പ്രദായം ഒഴിവാക്കും.