തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ജീവനക്കാർക്ക് കാര്യക്ഷമതയുടെ അടിസ്ഥാനത്തിൽ മാത്രം സ്ഥാനക്കയറ്റം നൽകുന്നതടക്കമുള്ള വിദഗ്ദ്ധസമിതിയുടെ പരിഷ്കരണ നിർദ്ദേശങ്ങൾക്ക് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നിയോഗിക്കപ്പെട്ടതാണ് സമിതി.
അസിസ്റ്റന്റ് തസ്തികയിൽ വരുന്നവർ സ്പെഷ്യൽ സെക്രട്ടറി വരെയുള്ള സ്ഥാനക്കയറ്റത്തിന് രണ്ട് മത്സരപ്പരീക്ഷകൾ എഴുതി യോഗ്യത തെളിയിക്കണം. സെക്രട്ടേറിയറ്റിൽ അധികമുള്ള ജീവനക്കാരെ ആവശ്യമുള്ള മറ്റ് വകുപ്പുകളിലേക്ക് പുനർവിന്യസിക്കും. ഭാവിയിൽ എല്ലാ വകുപ്പുകളിലേക്കും വ്യാപിപ്പിക്കാം. പൊതുഭരണവകുപ്പിലെ ഉദ്യോഗസ്ഥരാണ് റിപ്പോർട്ട് തയാറാക്കിയത്. സമാനമായ പഠനം നിയമ, ധനകാര്യ വകുപ്പുകളിലും നടത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. റിപ്പോർട്ട് തയാറാക്കാൻ നിയോഗിച്ച സ്വന്തം സംഘടനക്കാരായ ഉദ്യോഗസ്ഥർക്കെതിരെ മുഖ്യഭരണാനുകൂല സംഘടനാ നേതാക്കൾ രംഗത്തെത്തിയിരുന്നു. സംഘടനയിൽ നിന്ന് പുറത്താക്കിയിട്ടും മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണ് സമിതിഅംഗങ്ങൾ മുന്നോട്ട് പോയത്.
പ്രധാന നിർദ്ദേശങ്ങൾ
കാറ്റഗറി മാറ്റം വഴി അസിസ്റ്റന്റ് തസ്തികയിലേക്ക് വരുന്നത് പി.എസ്.സി പരീക്ഷയുടെ അടിസ്ഥാനത്തിലാവണം.
വിരമിക്കാൻ രണ്ട് വർഷത്തിലേറെ ബാക്കിയുള്ളവർക്ക് മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ വേഡ് പ്രോസസിംഗ് പരിശീലനം നിർബന്ധമാക്കണം.
ഓഫീസ് അറ്റൻഡന്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് (ടൈപ്പിസ്റ്റ്) തസ്തികകളിലുള്ള 750 പേരിൽ 450 പേർ മതി. ബാക്കിയുള്ളവരെ പുനർവിന്യസിക്കണം.
ഓഫീസ് അറ്റൻഡന്റുമാരുടെ 110 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ല.
സെക്ഷനും വകുപ്പ് സെക്രട്ടറിക്കുമിടയിൽ രണ്ട് മദ്ധ്യതല ഓഫീസർമാരുടെ മേൽനോട്ടമുറപ്പാക്കണം.
കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിൽ പൂളിംഗ് സംവിധാനം കൊണ്ടുവരണം. ഇപ്പോഴുള്ള 415 പേരിൽ 204 പേരുടെ സേവനം മതിയാകും. ബാക്കിയുള്ളവരെ സ്വന്തം ജില്ലകളിലേക്ക് വർക്കിംഗ് അറേഞ്ച്മെന്റിൽ മാറ്റാം.
സെക്ഷൻ ഓഫീസറുടെ നാല് തസ്തികകളും ഓഫീസ് സൂപ്രണ്ടിന്റെ 18 തസ്തികകളും സൃഷ്ടിക്കണം.
കമ്പ്യൂട്ടർ അസിസ്റ്റന്റ് അപ്ഗ്രേഡ് ചെയ്തുള്ള സൂപ്രണ്ട് തസ്തിക ഒഴിവാക്കാം.
അസിസ്റ്റന്റ് മുതൽ സ്പെഷ്യൽ സെക്രട്ടറി വരെയുള്ള ജീവനക്കാർക്ക് വർഷത്തിൽ 15 ദിവസം നിർബന്ധിത പരിശീലനം .