തിരുവനന്തപുരം: കോവളത്തിനടുത്ത് ആരംഭിക്കുന്ന വെള്ളാർ ആർട്‌സ് ആൻഡ് ക്രാഫ്ട്സ് വില്ലേജിന്റെ ആദ്യഘട്ടം പ്രവർത്തനസജ്ജമായി. കരകൗശല കലാവൈദഗ്ദ്ധ്യം പുനരുജ്ജീവിപ്പിക്കാനും പരിപോഷിപ്പിക്കാനും കലാകാരന്മാർക്ക് മാന്യമായ ഉപജീവനം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ഇവിടെ ഒരുങ്ങുന്നത്. 28 സ്റ്റുഡിയോകളിലായി 50ഓളം ക്രാഫ്ടുകളാണ് ആദ്യഘട്ടത്തിൽ ഒരുക്കിയിരിക്കുന്നത്. ഓരോ സ്റ്റുഡിയോയിലും നിർമാണം നേരിട്ട് കാണാനും അവ വാങ്ങാനും സൗകര്യമുണ്ട്. 750 കരകൗശല കൈത്തൊഴിൽ കലാകാരന്മാർക്ക് ഇവിടെ തൊഴിലും ഉറപ്പാക്കിയിട്ടുണ്ട്. രാജ്യാന്തര നിലവാരത്തിൽ പെയിന്റിംഗ്, ടെറാക്കോട്ട, കൈത്തറി, ശില്പങ്ങൾ, മുള, ഈറ്റ ഉത്പന്നങ്ങൾ എന്നിവ ഉൾപ്പെടുത്തി നിശ്ചിത തീം അടിസ്ഥാനമാക്കി ആർട്ട് ആൻഡ് ക്രാഫ്ട് ബിനാലെയും വർക്ക്‌ഷോപ്പുകളും എല്ലാവർഷവും സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. വിദേശികൾക്ക് കേരളത്തിന്റെ പൈതൃകവും സംസ്‌കാരവും പരിചയപ്പെടുത്താൻ തെയ്യം, കഥകളി, കോൽക്കളി, തിരുവാതിര, മാർഗംകളി, പാവക്കൂത്ത്, കളരിപ്പയറ്റ് എന്നിവയും ഓഫ് സീസണുകളിൽ തദ്ദേശീയർക്കായി വിദേശ കലാരൂപങ്ങളും അവതരിപ്പിക്കും. തുടക്കത്തിൽ ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധിദിവസങ്ങളിലുമാവും കലാപരിപാടികൾ അവതരിപ്പിക്കുക.
ക്രാഫ്ട് വില്ലേജ് റെഡി
-----------------------------------------
പെയിന്റിംഗുകൾ, കളിമൺ പാത്രങ്ങൾ, ചൂരൽ ഉത്പന്നങ്ങൾ, ആഭരണങ്ങൾ, ഗൃഹാലങ്കാര സാമഗ്രികൾ, ഗൃഹ - ഓഫീസ് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, പ്രതിമകൾ, കൗതുക വസ്‌തുക്കൾ, സ്‌മരണികകൾ, തടിയും പനമ്പും പനയോലയും തഴയും മുളയും ഈറ്റയും ചിരട്ടയും ചകിരിയും തുണിയും കൊണ്ടു നിർമ്മിച്ച കാഴ്ചവസ്‌തുക്കളും ഉപകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങളിലെ പട്ടചിത്ര പെയിന്റിംഗ്, കേരളത്തിന്റെ ചുവർച്ചിത്രങ്ങൾ, നെട്ടൂർ പെട്ടികൾ, ആഭരണങ്ങളും കൗതുകവസ്തുക്കളും, ഡ്രൈ ഫ്‌ളവർ, ആനക്കൊമ്പിലുള്ള സർഗസൃഷ്ടികൾ, ദാരുശില്പങ്ങൾ തുടങ്ങി രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച കരകൗശലവസ്‌തുക്കൾ എന്നിവ സ്റ്റുഡിയോകളിൽ കാണാം.