തിരുവനന്തപുരം: കൊവിഡ് കാലത്തും കേരളത്തിൽ സ്റ്റാർട്ടപ്പുകളുടെ എണ്ണമേറുന്നു. 2014ൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ തുടങ്ങിയതിന് ശേഷം കൊവിഡ് കാലത്താണ് ഏറ്റവുമധികം സ്റ്റാർട്ടപ്പുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. മടങ്ങിയെത്തിയ പ്രവാസികളും സംരംഭങ്ങളോടുള്ള യുവാക്കളുടെ ആഭിമുഖ്യവും സർക്കാർ സൗകര്യങ്ങളുടെ ഗുണനിലവാരവുമാണ് ഇതിനു കാരണം.
ഇൗ വർഷം ഇതുവരെ 399 സ്റ്റാർട്ടപ്പുകൾ കേരളത്തിൽ രജിസ്റ്റർ ചെയ്തു; വളർച്ച 18 ശതമാനം. കഴിഞ്ഞവർഷം വളർച്ച 13 ശതമാനം ആയിരുന്നു. കൊവിഡിൽ ജോലി നഷ്ടപ്പെട്ടും സാമ്പത്തിക പ്രയാസങ്ങളും മൂലം അഞ്ച് ലക്ഷത്തോളം മലയാളികളാണ് വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങിയത്. ഇതിൽ 20ശതമാനം പേരും സാങ്കേതിക മേഖലയിൽ വിദഗ്ദ്ധരാണ്. ഇവരെ സ്റ്റാർട്ടപ്പിലേക്ക് ആകർഷിക്കാനുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്കരിക്കുന്നുണ്ട്. ഇത് വിജയിച്ചാൽ സംസ്ഥാനം സംരംഭക മേഖലയിൽ രാജ്യത്ത് മുന്നിലെത്തും.
നിലവിൽ സ്റ്റാർട്ടപ്പുകളിൽ മഹാരാഷ്ട്രയാണ് ഒന്നാമത്. 5477 സജീവ സ്റ്റാർട്ടപ്പുകൾ അവിടെയുണ്ട്. കർണാടകയിൽ 4209, ഡൽഹിയിൽ 3740, ഉത്തർപ്രദേശിൽ 2342 എന്നിങ്ങനെ സജീവ സ്റ്റാർട്ടപ്പുകളുണ്ട്. 1292 സ്റ്റാർട്ടപ്പുകളുമായി കേരളം ഒമ്പതാമതാണ്.
സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ നാസ്കോം റിപ്പോർട്ട് അനുസരിച്ച് കേരളം മൂന്നാം സ്ഥാനത്താണ്. ഗുജറാത്ത്, കർണാടക എന്നിവയാണ് കേരളത്തിന് മുന്നിൽ. സംസ്ഥാനത്ത് കഴിഞ്ഞ നാലരവർഷത്തിനിടെ രണ്ടുലക്ഷം ചതുരശ്ര അടി പ്രവർത്തന സ്ഥലമാണ് സ്റ്റാർട്ടപ്പിനായി ഒരുക്കിയത്. അതിവേഗ ഇന്റർനെറ്റ്, എ.സി., നിരന്തരവൈദ്യുതി, മികച്ച യാത്രാസൗകര്യം, കുടിവെള്ളലഭ്യത, സമരരഹിത പ്രദേശം, സ്കൂൾ, കഫറ്റേറിയ, ബാങ്ക്, എ.ടി.എം., സൂപ്പർമാർക്കറ്റ്, അക്രമരഹിത സാഹചര്യം എന്നിവയാണ് സ്റ്റാർട്ടപ്പ് അനുകൂലസാഹചര്യമായി വിലയിരുത്തുന്നത്.
സ്റ്റാർട്ടപ്പ് കേരള
ഇന്ത്യയിൽ ആകെ : 55,000
സജീവം : 28,979
കേരളത്തിൽ : 2,773
കേരളത്തിൽ സജീവം : 1,292
കേരളത്തിലെ നിക്ഷേപം : ₹240കോടി
കേരളത്തിന്റെ സ്റ്റാർട്ടപ്പ് റാങ്ക് : 9