തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം എപ്പോൾ വേണമെങ്കിലും വരാമെന്നിരിക്കെ, ഇന്നലെ മന്ത്രിസഭായോഗം പരിഗണിച്ചത് 48 അജൻഡകൾ. അജൻഡയ്ക്ക് പുറത്തുള്ള ഇനങ്ങളായും ഏതാനും വിഷയങ്ങളെത്തി. കഴിഞ്ഞയാഴ്ച മന്ത്രിസഭായോഗം ചേരാതിരുന്നതിനാൽ അന്ന് പരിഗണിക്കേണ്ടിയിരുന്ന വിഷയങ്ങളുൾപ്പെടെ ഇന്ന് യോഗത്തിന്റെ പരിഗണനയ്ക്കെത്തി. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാലുടൻ പെരുമാറ്റച്ചട്ടം നിലവിൽ വരുമെന്നതിനാൽ മന്ത്രിസഭായോഗം ചേർന്ന് നയപരമായ തീരുമാനങ്ങളെടുക്കാനാവില്ല. ഈ സാഹചര്യത്തിലാണ് ഇന്നലെ ഇത്രയും അജൻഡകൾ പരിഗണനയ്ക്കെടുത്തത്. അതേസമയം, ബാറുകൾ തുറക്കുന്നത് പോലുള്ള ചില വിഷയങ്ങൾ യോഗം പരിഗണിച്ചതുമില്ല.