പാറശാല: പാറശാലയിൽ ദേശീയപാതയിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവാകുന്നു. ദേശീയ പാതയിലെ കയറ്റിറക്ക പ്രദേശവും കൊടും വളവുമുള്ള മേഖലയായ ഇടിച്ചക്കപ്ലാമൂട്ടിൽ ആണ് ഭക്ഷണ അവശിഷ്ടങ്ങൾ ഉൾപ്പെട്ട മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. മാലിന്യം കവറുകളിലും ചാക്കുകളിലും കെട്ടി ബൈക്കുകളിൽ കൊണ്ടുവന്ന് റോഡ് വക്കിൽ നിക്ഷേപിച്ച ശേഷം കടന്ന് കളയും. വിജനമായ ഈ പ്രദേശത്ത് തെരുവു വിളക്കുകൾ ഇല്ലാത്തത് മാലിന്യങ്ങൾ റോഡിൽ എറിഞ്ഞ് പോകുന്നത് കൂടുതൽ എളുപ്പമാക്കുന്നു. ഭക്ഷണ അവശിഷ്ടങ്ങൾ തിന്നാനായി എത്തുന്ന നായ്ക്കളുടെ കൂട്ടം വാഹന യാത്രക്കാർക്ക് ഭീഷണിയായി മാറിയിട്ടുണ്ട്. മാലിന്യങ്ങളിലെ ദുർഗന്ധവും അസഹനീയമാണ്.
നടപടി വേണം
ഏതാനും ദിവസങ്ങൾക്ക് മുൻപ് പഞ്ചായത്ത് അധികൃതർ എത്തി മാലിന്യങ്ങൾ പൂർണമായി മാറ്റി വൃത്തിയാക്കിയ ഭാഗത്താണ് വീണ്ടും നിക്ഷേപിക്കുന്നത്. തട്ടുകടകളിൽ എത്തി കരാർ വ്യവസ്ഥയിൽ മാലിന്യങ്ങൾ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നത് അതിർത്തിയിൽ തടയുന്നത് കാരണം പ്രദേശത്തെ കടയുടമകൾ മാലിന്യങ്ങൾ മറ്റ് ചിലരെ ഏൽപ്പിക്കുകയും അവർ റോഡു വക്കിൽ നിക്ഷേപിക്കുകയും ചെയ്യുന്നത് മലിനീകരണത്തിനു കാരണമാകുന്നു. പരിസര മലിനീകരണത്തിനും പകർച്ചവ്യധികൾക്കും നായ്ക്കൾ കുറുകെ ചാടി അപകടങ്ങൾക്കും വരെ മാലിന്യനിക്ഷേപം വഴിവയ്ക്കുന്നു. ദേശീയപാതയിലെ മാലിന്യ നിക്ഷേപത്തിനെതിരെ പഞ്ചായത്തും ആരോഗ്യ പ്രവർത്തകരും പൊലീസും ശക്തമായ നടപടി കൈക്കൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.