ബംഗളുരു: അഞ്ച് വർഷം ദുബായിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിയായിരുന്നപ്പോഴും ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്ന് ഇ.ഡി കോടതിയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നു. 2008 മുതൽ 2013 വരെയാണ് എൻആർഐ പദവിയോടെ ദുബായിൽ കഴിഞ്ഞത്. ഈ സമയത്ത് അവിടെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായി. ദുബായിൽ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് അനൂപുമായി സാമ്പത്തിക ഇടപാടുകൾ തുടങ്ങിയത്.
. ബിനീഷ് കോടിയേരിയുടെ അക്കൗണ്ടുകളിലെത്തിയ പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി നിക്ഷേപ രസീതുകൾ ഹാജരാക്കാൻ മൂന്ന് ബാങ്കുകൾക്ക് ഇ.ഡി നോട്ടീസ് നൽകി. ബിനീഷിന്റെ അക്കൗണ്ടുകളിലെ വൻ നിക്ഷേപവും ആദായ നികുതി റിട്ടേണും തമ്മിൽ ഗുരുതര പൊരുക്കേടുകളുണ്ട് . 2018–19 ൽ മാത്റം 54,89,000 രൂപ അക്കൗണ്ടുകളിലെത്തിയപ്പോൾ ആദായനികുതി റിട്ടേണിൽ കാണിച്ചിരിക്കുന്നത് 13,20,637 രൂപയാണ്.
അനൂപിനു കൈമാറിയ പണം തിരുവനന്തപുരത്തു നിന്നു ബാങ്ക് വായ്പയെടുത്തതാണെന്നാണ് ബിനീഷ് നൽകിയ മൊഴി. അബ്ദുൽ ലത്തീഫുമായി ചേർന്ന് ശംഖുംമുഖത്തു നടത്തുന്ന ഓൾഡ് കോഫി ഹൗസിന്റെ പേരിലാണ് വായ്പയെടുത്തതെന്നും . അക്കൗണ്ടുകളിൽ പണമെത്തിയ സമയം നോക്കുമ്പോൾ ഈ വാദത്തിൽ സംശയമുണ്ടെന്ന് ഇഡി അറിയിച്ചു. ബിനീഷുമായി വൻകിട പണമിടപാട് നടത്തിയ നാലുപേരെക്കൂടി പ്രതിയാക്കുമെന്നാണ് സൂചന. അതേസമയം, ആറാംദിനത്തിലെ ചോദ്യംചെയ്യലിൽ ബിനീഷ് സഹകരിക്കുന്നതായി ഇഡി പറയുന്നു. ഇവന്റ് മാനേജ്മെന്റ്, പ്രൊഡക്ഷൻ കമ്പനികളുടെ ബിനാമി ഇടപാടുകളുടെ വിവരങ്ങളാണ് തേടിയത്.
മയക്കുമരുന്ന് കേസ് പിന്നാലെ
ബിനീഷ് കൊക്കെയ്ൻ ഉപയോഗിച്ചിരുന്നതായി വിവരം കിട്ടിയെന്ന് ഇ.ഡി കോടതിയെ അറിയിച്ചിട്ടുണ്ട്. കല്യാൺ നഗറിലെ റോയൽസ്യൂട്ട് അപ്പാർട്മെന്റ്സിൽ അനൂപ് മുഹമ്മദിനൊപ്പം താമസിച്ചിരുന്ന വിമാനക്കമ്പനി ജീവനക്കാരൻ സോണറ്റ് ലോബോ ഇഡിക്കു മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ബിനീഷിനെതിരെ നാർകോട്ടിക് കൺട്രോൾ ബ്യൂറോ കേസെടുക്കും.
ഹൈദരാബാദിലും ഇ.ഡി റെയ്ഡ്
ലൈഫ് മിഷനിലെ ക്രമക്കേടുകൾ കണ്ടെത്താൻ ഹൈദരാബാദിൽ ഇ.ഡി റെയ്ഡ് നടത്തി. കരാറുകൾ നേടിയ ഹൈദരാബാദിലെ പൊന്നാർ ഇൻഡസ്ട്രീസിലാണ് റെയ്ഡ് നടത്തിയത്. കരാറിലെ വഴിവിട്ട ഇടപാടുകൾ ശിവശങ്കർ വെളിപ്പെടുത്തിയെന്നാണ് സൂചന. ഇവിടെ നിന്ന് നിർണായക രേഖകൾ പിടിച്ചെടുത്തെന്നാണ് വിവരം. വടക്കാഞ്ചേരി മോഡലിൽ കമ്മിഷൻ തട്ടാനുള്ള ഇടപാടുകളാണ് നടന്നത്. സർക്കാർ പദ്ധതികളിലെ ക്രമക്കേടുകളിൽ ശിവശങ്കറിനെതിരെ കൂടുതൽ തെളിവു കിട്ടിയെന്ന് ഇ.ഡി വ്യക്തമാക്കി.