കുളത്തൂർ: അഞ്ച് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ പള്ളിത്തുറ പള്ളിക്കും ഹയർസെക്കഡറി സ്‍കൂളിനും പട്ടയമായി. അതിരൂപതയുടെയും വിശ്വാസികളുടെയും നീണ്ടകാലത്തെ ആവശ്യമാണ് ഇപ്പോൾ യാഥാർത്ഥ്യമായത്. 1962ലാണ് ഐ.എസ്.ആർ.ഒ.യ്‌ക്കുവേണ്ടി സ്വന്തം കിടപ്പാടവും പള്ളിക്കൂടങ്ങളും ആരാധനാലയവും തീരദേശവാസികൾ ഒഴിഞ്ഞുകൊടുത്തത്. അന്ന് കുടിയിറക്കപ്പെട്ട 183 കുടുംബങ്ങൾക്കുള്ള പട്ടയവിതരണം പൂർത്തിയാക്കിയത് ഈ അടുത്ത കാലത്തായിരുന്നു. എന്നിട്ടും പള്ളിക്കും സ്‌കൂളിനും പട്ടയം ലഭിച്ചിരുന്നില്ല. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അഭ്യർത്ഥനപ്രകാരം മന്ത്രിസഭ പട്ടയപ്രശ്‌നം ചർച്ച ചെയ്‌ത് തീരുമാനമെടുക്കുകയായിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെ പള്ളിക്കും സ്‌കൂളിനും പട്ടയം നൽകുന്നതെന്നും ഒരു നാടിന്റെ ആവശ്യം പരിഗണിച്ചാണ് അസാധാരണ സാഹചര്യത്തിൽ മന്ത്രിസഭ തീരുമാനമെടുത്തതെന്നും പള്ളിത്തുറ സ്‌കൂൾ അങ്കണത്തിൽ നടന്ന പട്ടയവിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്‌ത മന്ത്രി കടകംപള്ളി സുരേദ്രൻ പറഞ്ഞു. മേയർ കെ. ശ്രീകുമാർ അദ്ധ്യക്ഷനായിരുന്നു. ബിഷപ്പ് ക്രിസ്‌തുദാസ് അനുഗ്രഹ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി കളക്ടർ സുരേഷ്‌കുമാർ, ഇടവക വികാരി ഫാ. ലെനിൻ ഫെർണാണ്ടസ്, കൗൺസിലർ പ്രതിഭ ജയകുമാർ, ഇടവക സെക്രട്ടറി യൂജിൻ പെരേര തുടങ്ങിയവർ സംസാരിച്ചു.