പാറശാല: വെറും 200 മീറ്റർ മാത്രം ദൈർഘ്യമുള്ള റോഡ്. പക്ഷേ അതൊന്ന് കടന്നുകിട്ടണമെങ്കിൽ അഭ്യാസം കുറച്ചൊന്നും പഠിച്ചാൽ പോര. പ്രധാന റോഡിൽ നിന്ന് ആയിരങ്ങൾ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയിലേക്ക് പ്രവേശിക്കാനുള്ള പാതയിലാണ് ഈ ദുരവസ്ഥ എന്നതാണ് ഏറെ ശ്രദ്ധേയം. പാറശാല ആശുപത്രി ജംഗ്‌ഷനിൽ നിന്ന് താലൂക്ക് ആശുപത്രിലേക്ക് എത്താനുള്ള റോഡിലാണ് കൈയേറ്റങ്ങൾ വഴിമുടക്കിയാകുന്നത്. ഒരു മിനിട്ടുനുള്ളിൽ കടന്നുപോകാൻ കഴിയുന്ന റോഡ് കടക്കണമെങ്കിൽ ആംബുലൻസുകളടക്കം നന്നേ കഷ്ടപ്പെടേണ്ടിവരും. സ്പെഷ്യാലിറ്റി ഉൾപ്പെടെയുള്ള ഒ.പി കളിലായി ദിനംപ്രതി 1500 ലധികം രോഗികളാണ് ആശുപത്രിയിൽ ദിവസവും എത്തുന്നത്. ഇവരാണ് ദുരിതത്തിന് നടുവിലായത്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും രോഗികളുമായി എത്തുന്ന വാഹനങ്ങൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ വഴിയൊരുക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വില്ലനായി അനധികൃ പാർക്കിംഗും
കൈയേറ്റങ്ങൾക്ക് പുറമേ റോഡിലെ അനധികൃത പാർക്കിംഗ് കൂടിയാകുമ്പോൾ ദുരിതം ഇരട്ടിക്കും. നടപ്പാതപോലും ഇല്ലാത്ത തരത്തിലാണ് പല വാഹനങ്ങളും പാർക്ക് ചെയ്യുന്നത്. ഇതുകാരണം കാൽനട യാത്രികരും വലിയ ദുരിതമാണ് അനുഭവിക്കുന്നത്.
തിരക്കേറിയ ഈ റോഡിലൂടെ വേണം അത്യാസന്ന നിലയിലുള്ള രോഗികളുമായി ആംബുലൻസുകൾക്ക് സഞ്ചരിക്കാൻ.
പലപ്പോഴും മാർഗ തടസം സൃഷ്ടിക്കുന്ന വാഹനങ്ങൾ മാറ്റിയിടുന്നതുവരെ ആംബുലൻസുകൾ കാത്തുകിടക്കേണ്ട സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. റോഡിന്റെ വീതി കൂട്ടി ഗതാഗത തടസം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ എം.എൽ.എയ്ക്കടക്കം നിവേദനം നൽകിയിരുന്നു. എന്നാൽ നിരാശമാത്രമായിരുന്നു ഫലം.