തിരുവനന്തപുരം: ഓരോ ദിവസം പിന്നിടുന്തോറും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വരിഞ്ഞുമുറുക്കവേ, പ്രതിസന്ധിയിൽ നിന്ന് കരകയറാനാവാത്ത നിലയിലായി സി.പി.എമ്മും ഇടതുസർക്കാരും. എം. ശിവശങ്കറിന്റേത് ഒരുദ്യോഗസ്ഥന്റെ പിഴയായി വ്യാഖ്യാനിച്ച് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും പ്രതിരോധിക്കാൻ ശ്രമിക്കുമ്പോഴാണ്, മുഖ്യമന്ത്രിക്കും പാർട്ടിക്കും ഒരുപോലെ വിശ്വസ്തനായ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെതിരായ കുരുക്ക്.
രവീന്ദ്രനെതിരായ ഇ.ഡിയുടെ ഏത് നീക്കവും സർക്കാരിന് നിർണായകമാണ്. മറുവശത്താകട്ടെ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വീട്ടിലും അനുബ സ്ഥാപനങ്ങളിലുമടക്കം ഇ.ഡി പരിശോധനയും പൊടിപൊടിക്കുന്നു.
മകന്റെ വീടാണെങ്കിലും അസുഖബാധയുണ്ടായ വേളയിൽ അടുത്തകാലത്ത് ഏറെനാൾ കോടിയേരി ബാലകൃഷ്ണൻ താമസിച്ച വീടെന്ന നിലയിൽ പ്രതിപക്ഷവും ബി.ജെ.പിയും ധാർമ്മികതയുടെ ചോദ്യമുയർത്തി സി.പി.എമ്മിനെ ആക്രമിക്കുകയാണ്. കോടിയേരിയുടെ രാജിക്കായുള്ള മുറവിളിയും അവർ ശക്തമാക്കുന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്ക് കടക്കുമ്പോൾ പാർട്ടിയെ വലയ്ക്കുന്ന ആരോപണങ്ങൾ ഒന്നിന് പിറകെ ഒന്നായെത്തുന്നത് അണികളിൽ സൃഷ്ടിക്കുന്ന ആശങ്കയും ചെറുതല്ല.
തന്റെ ഓഫീസിലുള്ളവരെല്ലാം വിശ്വസ്തരെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സർട്ടിഫിക്കറ്റ് നൽകിയതിന് പിന്നാലെയാണ്, സ്വന്തം ഓഫീസിലെ മറ്റൊരു പ്രധാനിയെ കൂടി ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. രവീന്ദ്രനെതിരായ ഏത് നീക്കവും സി.പി.എമ്മിന് സൃഷ്ടിക്കുന്ന അസ്വസ്ഥത ചെറുതാവില്ല.
രവീന്ദ്രൻ പാർട്ടി ആസ്ഥാനത്ത് 80 മുതൽ
ഇന്നത്തെ ഇടതുമുന്നണി സംവിധാനത്തിന്റെ ആദ്യരൂപം 1980ൽ ഉണ്ടായപ്പോൾ മുതൽ രവീന്ദ്രൻ എ.കെ.ജി സെന്ററിലുണ്ട്. ഇ.കെ. നായനാർ മുഖ്യമന്ത്രിയായ 80ൽ അന്നത്തെ ഇടതുമുന്നണി കൺവീനർ പി.വി. കുഞ്ഞിക്കണ്ണന്റെ സഹായിയായി എത്തി. പിന്നീട് എ.കെ.ജി സെന്റർ ജീവനക്കാരനായി തുടർന്ന രവീന്ദ്രൻ ഭരണ സിരാകേന്ദ്രത്തിലെത്തുന്നത് പിണറായി വിജയൻ വൈദ്യുതി മന്ത്രിയായ 1996ൽ. 98ൽ പിണറായി മന്ത്രിസ്ഥാനമൊഴിഞ്ഞെങ്കിലും പകരമെത്തിയ എസ്. ശർമ്മയുടെ സ്റ്റാഫംഗമായി തുടർന്നു. പിന്നീട് 2006ൽ വി.എസ് മന്ത്രിസഭ അധികാരമേറ്റപ്പോൾ പാർട്ടി സെക്രട്ടറിയായിരുന്ന പിണറായിയുടെ ആശീർവാദത്തോടെ ആഭ്യന്തര, ടൂറിസം മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായി. അക്കാലത്ത് ടൂറിസം ഡയറക്ടറായിരുന്ന എം. ശിവശങ്കറുമായി, മന്ത്രിയുടെ ഓഫീസിൽ ടൂറിസം കാര്യങ്ങൾ നോക്കിയിരുന്ന രവീന്ദ്രൻ അടുപ്പത്തിലായി.
2011ൽ വി.എസ് പ്രതിപക്ഷ നേതാവായപ്പോഴും രവീന്ദ്രനെ അദ്ദേഹത്തിന്റെ സ്റ്റാഫിൽ പാർട്ടി ഉൾപ്പെടുത്തിയത് പിണറായിയുടെ തീരുമാനപ്രകാരം. ഈ സർക്കാർ അധികാരമേറ്റപ്പോൾ ബിരുദധാരികളെ മാത്രം മന്ത്രിമാരുടെ സ്റ്റാഫിലുൾപ്പെടുത്തണമെന്ന മാനദണ്ഡത്തിൽ ഇളവ് നൽകിയാണ് പിണറായി രവീന്ദ്രനെ സ്വന്തം അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയാക്കിയത്. യു.ഡി.എഫ് ഭരണകാലത്ത് വൈദ്യുതി ബോർഡ് ചെയർമാനായി ശിവശങ്കർ പ്രവർത്തിച്ചപ്പോഴും രവീന്ദ്രന്റെ അടുപ്പം തുടർന്നു. ആ ബന്ധമാണ് പിണറായി മുഖ്യമന്ത്രിയായപ്പോൾ പ്രൈവറ്റ് സെക്രട്ടറിയായി ശിവശങ്കർ പരിഗണിക്കപ്പെട്ടതെന്നാണ് സംസാരം.