malavika

മലയാളം മിനിസ്ക്രീനിൽ മികച്ച കഥാപാത്രങ്ങളിലൂടെ കുടുംബപ്രേക്ഷകരുടെ മനസിൽ തിളങ്ങി നിൽക്കുന്ന താരമാണ് മാളവിക. മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയം നേടിയ താരത്തിന് നിരവധി ആരാധകരുണ്ട്. യുവതാരങ്ങളെ അണിനിരത്തി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ എത്തുന്നത്. തന്റെ ജീവിതത്തിലെ ഇഷ്ടങ്ങൾ തുറന്ന് പറയുകയാണ് താരം. ഇപ്പോഴിതാ താരം പങ്കുവച്ച വിശേഷങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. "മനസിൽ രണ്ടാം സ്ഥാനം അഭിനയത്തിനാണ്. സിനിമാഭിനയം ഇപ്പോൾ ആലോചിക്കുന്നേയില്ല. ആറ് വയസ് മുതൽ നൃത്തം പഠിക്കുന്ന ഞാൻ കലാമണ്ഡലം ക്ഷേമാവതിടീച്ചറുടെ കീഴിലും നൃത്തം പഠിച്ചിട്ടുണ്ട്. നൃത്തം കുറച്ചുകൂടി സന്തോഷം തരുന്നുണ്ട്. കുറച്ചു കൂടി റിലാക്സ്ഡാവുന്നത് നൃത്തം ചെയ്യുമ്പോഴാണ്. പക്ഷെ അഭിനയത്തിന്റെ തിരക്കിനിടയിൽ കുറച്ച് കാലമായി നൃത്തപഠനവും പെർഫോമൻസും നടക്കുന്നില്ല..." സീരിയൽ മേഖലയിൽ എത്തിയിട്ട് അഞ്ച് വർഷമായെന്നും 2009ൽ മിസ് കേരളയിൽ ബ്യൂട്ടിഫുൾ ഐസ് പട്ടം കിട്ടിയിരുന്നതായും താരം പറഞ്ഞു. അങ്ങനെയാണ് വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭമായ മലർവാടി ആർട്സ് ക്ലബിലെത്തിയത്. ആദ്യ ചിത്രത്തിലഭിനയിക്കുമ്പോൾ പതിനാറ് പതിനേഴ് വയസുള്ള കുട്ടിയായിരുന്നു. തന്നെ ഒരു സിനിമാ താരം ആക്കണമെന്നായിരുന്നു അച്ഛന്റെ ആ​ഗ്രഹമെന്ന് വെളിപ്പെടുത്തിയ താരം താൻ ഡാൻസ് ചെയ്യുന്നത് കണ്ടാൽ അച്ഛന് വലിയ സന്തോഷമായിരുന്നുവെന്നും മാളവിക പറഞ്ഞു.

അച്ഛൻ മരിച്ചശേഷം സിനിമയൊന്നും ചെയ്തിട്ടില്ല. സീരിയൽ ചെയ്യാൻ എനിക്കിഷ്ടമാണ്. വളരെ സന്തോഷം തരുന്ന പ്രൊഫഷൻ തന്നെയാണ് സീരിയൽ.

- മാളവിക